വടക്കന്‍ പാട്ടുകളുടെയും പെരുമയുടെയും നാട്ടിലേക്ക് കേരളത്തിന്‍റെ മനംകവര്‍ന്ന ഓണാഘോഷമെത്തുകയാണ്. 15 വര്‍ഷത്തെ പ്രൗഢമായ ആഘോഷനിറവില്‍ 'അത്തം പത്ത് രുചി 2026' എത്തുന്നത് തികച്ചും വിപ്ലവകരമായ മാറ്റങ്ങളോടെയാണ്. കേരളത്തിന്‍റെ ചരിത്രത്തില്‍ ആദ്യമായി ഫുഡ് ട്രക്കും കൾച്ചറൽ കാരവനുമായി റോഡിലിറങ്ങുന്ന ഈ മഹാമേള, നാടന്‍ രുചിക്കൂട്ടുകളുടെ വൈവിധ്യവും ആവേശകരവുമായ ലൈവ് ബാന്‍ഡ് ഷോകളും കോര്‍ത്തിണക്കി ഓണക്കാലത്ത് പുതിയൊരു ചരിത്രമെഴുതും. ജൂലൈ 31ന് കോഴിക്കോട് ക്യാപ്കോണ്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍ അരങ്ങേറുന്ന ഈ സംഗീത –രുചി വിരുന്ന് മലയാളികളുടെ ഓണക്കാലം അവിസ്മരണീയമാക്കും.
ഉദ്ഘാടന രാവിന് തിളക്കമേകാന്‍ പ്രിയതാരങ്ങളായ സരയൂ മോഹനും സുജിതയും മുഖ്യാതിഥികളായി എത്തുമ്പോള്‍ വേദി ഉല്‍സവ ലഹരിയിലാകും. താരങ്ങളുടെ വിശേഷങ്ങള്‍ക്കും സല്ലാപങ്ങൾക്കൊപ്പം മഴവിൽ മനോരമയുടെ 'ഒരു ചിരി ഇരു ചിരി ബംബർ ചിരി' ആർട്ടിസ്റ്റുകളുടെ തകർപ്പൻ കലാപരിപാടികളും സദസ്സിന് ചിരിയുടെയും സന്തോഷത്തിൻ്റെയും പുതിയ അനുഭവങ്ങൾ സമ്മാനിക്കുന്നു. ഒപ്പം, ഈ വർഷത്തെ 'അത്തം പത്ത് രുചി'യുടെ മുഖ്യ ആകർഷണമായ പ്രശസ്‌ത ഗായിക അഞ്ജു ജോസഫും ലൈവ് ബാൻഡും തീർക്കുന്ന സംഗീതത്തിൻ്റെ മായാജാലം സംഗീതപ്രേമികൾക്ക് മനസ്സ് നിറയുന്ന അവിസ്‌മരണീയ വിരുന്നായിരിക്കും.
സദസ്സിന്റെ ഹൃദയം കീഴടക്കുന്ന ഊർജ്ജസ്വലരായ അവതാരകരുടെ സാന്നിധ്യം പരിപാടിയെ കൂടുതൽ സജീവമാക്കുന്നു. ജനപ്രിയ അവതാരകരായ മാത്തുക്കുട്ടിയും, ട്വിങ്കിൾ ശീതളും, ജൂലിയെറ്റുമാണ് അത്തം പത്ത് രുചിയുടെ അവതാരകർ. ഈ സംഗീത-രുചി വിരുന്നിലേക്കുള്ള പ്രവേശനം പാസ്സ് മൂലം മാത്രമായിരിക്കും. സൗജന്യ പാസ്സുകൾക്കും കൂടുതൽ വിവരങ്ങൾക്കും താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക: ഫോൺ: 8137046553.