ജലനിധിയില്‍ നിന്നുള്ള വെള്ളം മുടങ്ങിയതോടെ ഒരുമാസമായി കുടിവെള്ളം മുട്ടി വയനാട് പൂതാടി വളാഞ്ചേരി മോസ്കോ കുന്നിലെ നാട്ടുകാര്‍. ഗോത്രവിഭാഗം ഉള്‍പ്പെടെ എണ്‍പതോളം കുടുംബങ്ങളാണ് കുടിവെള്ളമില്ലാതെ വലിയ ബുദ്ധിമുട്ട് അനുഭവിക്കുന്നത്.
മോസ്കോകുന്നിലെ നാട്ടുകാര്‍ക്ക് ആകെയുള്ള ആശ്രയമായിരുന്നു ജലനിധി കുടിവെള്ള പദ്ധതി. കുടിവെള്ളത്തിന് ബുദ്ധിമുട്ടുള്ള പ്രദേശം. ഇവിടെയാണ് കഴിഞ്ഞ ഒരുമാസമായി പൈപ്പില്‍ തുള്ളിവെള്ളം ഇല്ലാത്തത്. എണ്‍പതില്‍ അധികം കുടുംബങ്ങള്‍ ഇവിടെയുണ്ട്. ഗോത്രവിഭാഗം ഉന്നതിയുണ്ട്. ജലനിധി അധികൃതര്‍ വിളിച്ചാല്‍ ഫോണ്‍പോലും എടുക്കുന്നില്ലെന്നാണ് ആക്ഷേപം. വെള്ളം ചുമന്ന് മടുത്തു. കോരിയെടുത്ത് സ്വകാര്യവ്യക്തിയുടെ കിണറിലെ വെള്ളവും വറ്റുന്ന അവസ്ഥയായി.
ഓണക്കാലത്ത് പത്തുദിവസത്തോളം ഇവിടെ കുടിവെള്ളം മുടങ്ങിയിരുന്നു. ഈ കുന്നിന്‍പ്രദേശത്ത് വെള്ളം മുടങ്ങിയാല്‍ ആരും ചോദിക്കാനും പറയാനും ഇല്ലാത്ത അവസ്ഥയാണ്. ഇരുളത്തുള്ള ജലസംഭരണിയുടെ പ്രധാന വാല്‍വില്‍ തകരാര്‍ സംഭവിച്ചെന്നാണ് പറയുന്നത്. എന്നാല്‍, പണി പൂര്‍ത്തിയാക്കാന്‍ വൈകുകയാണ്. ഇനിയും വെള്ളം എത്തിയില്ലെങ്കില്‍ പഞ്ചായത്തിന് മുന്നിലേക്ക് സമരവുമായി നീങ്ങാനാണ് നാട്ടുകാരുടെ തീരുമാനം.