കാണികളിൽ ആവേശമുയർത്തി കലോത്സവ വേദിയിൽ ഗോത്ര ചുവടുകൾ. വയനാട്ടിലെ പണിയ വിഭക്കാരുടെ തനത് കലാരൂപം പണിയ നൃത്തം, കാടിന്റെ മക്കളുടെ പോരാട്ടവീര്യത്തിന്റെ നേർക്കാഴ്ച കൂടിയായി.
കയ്യിൽ ഞാറുപിടിച്ച് പെണ്ണുങ്ങൾ കളം നിറയുമ്പോൾ ഒരു ഗോത്രത്തിന്റെ ആത്മാവ് അങ്ങനെ കലയിലൂടെ തലയുയർത്തിപ്പിടിച്ചു നിൽക്കയായി. കാടിറങ്ങിയെത്തിയ കലയെ കണ്ട്, തേക്കിൻകാട് മൈതാനത്തെ നീലക്കുറിഞ്ഞിയ്ക്ക് പൂക്കാതെ വയ്യെന്നായി. പിറവിക്കും ശേഷം എത്ര എത്ര വ്യാഴവട്ടം പിന്നിട്ടായിരിക്കാം നമ്മുടെ കാഴ്ചയിൽ ഈ കല തെളിഞ്ഞു വന്നത്.
നാട്ടിലെ വേദികളിൽ, കുഞ്ഞുങ്ങളാടുമ്പോൾ ഉന്നതികളിലുള്ള അമ്മമാർക്കും അമ്മൂമ്മമാർക്കും ആശങ്കകൾ ഉണ്ടാവാൻ ഇടയില്ല. ഗർഭത്തിലിരിക്കുമ്പോഴേ ഉന്നതിയിലെ ഓരോ കുഞ്ഞും ഒരായിരം വട്ടമെങ്കിലും ഈ കലയിലൂടെ കടന്നുപോകുന്നുണ്ട്. കല ആഘോഷമാണെങ്കിലും അത് ഉരുത്തിരിഞ്ഞു വന്നത് വിശപ്പിൽ നിന്നാണ്, വേദനയിൽ നിന്നാണ്. വിശപ്പു മറക്കാൻ, വേദന മറക്കാൻ കലയെ കൂടെ കൂട്ടിയ തലമുറകളുടെ കഥ.