കോഴിക്കോട് ഈസ്റ്റ് നടക്കാവില്‍ നിര്‍ത്തിയിട്ട കാര്‍ കത്തിനശിച്ചു. ചേവായൂര്‍ സ്വദേശി ബഷീറിന്‍റെ കാര്‍ ആണ് കത്തിനശിച്ചത്. കാറില്‍ ആളില്ലാത്തതിനാല്‍ ആര്‍ക്കും പരുക്കില്ല.
ഈസ്റ്റ് നടക്കാവില്‍ സിഎച്ച് പള്ളിക്ക് സമീപം ഉച്ചയ്ക്ക് 12 മണിക്ക് ആണ് സംഭവം. കാറുടമ ബഷീര്‍ കാര്‍ നിര്‍ത്തി അടുത്തുള്ള കടയില്‍ നിന്ന് സാധനം വാങ്ങി തിരിച്ചുവന്നപ്പോഴാണ് അപകടമുണ്ടായത്. കാറില്‍ നിന്ന് പുക ഉയരുന്നത് കണ്ടതിനെ തുടര്‍ന്ന് ബഷീര്‍ ബോണറ്റ് തുറന്ന് പരിശോധിച്ചു. ഇതിനിടെ പുക കൂടുതല്‍ ഉയര്‍ന്നു. ഉടന്‍ കാറിലുണ്ടായിരുന്ന രേഖകളും മറ്റുസാധനങ്ങളും മാറ്റുന്നതിനിടെ തീ ആളി കത്തുകയായിരുന്നു. കാറില്‍നിന്ന് പൊട്ടിത്തെറിയുമുണ്ടായി. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ബീച്ച് അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. കാര്‍ പൂര്‍ണമായും കത്തിനശിച്ചു. കാര്‍ അടുത്തമാസം സര്‍വീസിന് കൊടുക്കാനിരിക്കെയാണ് അപകടമുണ്ടായത്. നടക്കാവ് പൊലീസും സ്ഥലത്തെത്തി.