കണ്ണൂർ ആറളം ഫാമിൽ കാട്ടാനകളെ തുരത്താൻ ഓപ്പറേഷൻ ഗജമുക്തിയുമായി വനം വകുപ്പ്. ആദ്യദിവസം 10 കാട്ടാനകളെ ഉൾക്കാട്ടിലേക്ക് തുരത്തി. വൻ സന്നാഹത്തോടെ ആയിരുന്നു ആനകളെ തുരത്തുന്ന ദൗത്യം.
ഏഴ് വലിയ ആനകളും മൂന്ന് കുട്ടിയാനകളും . ഓപ്പറേഷൻ ഗജ മുക്തിയുടെ ആദ്യദിനം 1, 5 ബ്ലോക്കുകളിൽ തമ്പടിച്ച ആനകളെയാണ് വനംവകുപ്പ് ഓടിച്ചത്. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ആയിരുന്നു ദൗത്യം.
രണ്ട് ടീമുകളായി കാട്ടാനകളെ നിരീക്ഷിച്ച ശേഷം ആയിരുന്നു ദൗത്യത്തിലേക്ക് കടന്നത്. പടക്കം പൊട്ടിച്ച് പന്തക്കാടുകളിൽ നിന്ന് ആനക്കൂട്ടത്തെ പാലപ്പുഴ - കീഴ്പ്പള്ളി റോഡ് കടത്തി ആറളം പുനരധിവാസ മേഖലയിലേക്ക് ആദ്യം തുരത്തി. പിന്നീട് താളിപ്പാറ - കോട്ടപ്പാറ വഴി വനത്തിലേക്ക് ഓടിച്ചു.50 പേരടങ്ങുന്ന സംഘമാണ് ദൗത്യത്തിൽ ഉണ്ടായിരുന്നത്.
ഓപ്പറേഷൻ ഗജമുക്തി തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്ക് മൈക്ക് അനൗൺസ്മെന്റിലൂടെ നിർദ്ദേശങ്ങൾ നൽകുന്നുണ്ട്. പുനരധിവാസ മേഖലയിൽനിന്ന് ജോലിക്ക് പോകുന്നവർക്കും , സ്കൂളിൽ പോകേണ്ട കുട്ടികൾക്കുമടക്കം സുരക്ഷ ഏർപ്പെടുത്തിയാണ് ദൗത്യം മുന്നോട്ടുപോകുന്നത്. വനത്തിലേക്ക് കടന്ന കാട്ടാനകൾ പൂക്കുണ്ട് വഴി ജനവാസ മേഖലയിലേക്ക് തിരിച്ചിറങ്ങാൻ സാധ്യതയുള്ളതിനാൽ 24 മണിക്കൂറും നിരീക്ഷണം ഒരുക്കിയിട്ടുണ്ട്.