കണ്ണിനു പരുക്കേറ്റ പാലക്കാട്ടെ PT 5 എന്ന ചുരുളികൊമ്പൻ വീണ്ടും ജനവാസമേഖലയിലെത്തി. കഞ്ചിക്കോട് പയറ്റുകാടിലെത്തിയ കൊമ്പൻ തെങ്ങ് മറിച്ചിട്ടു. മയക്കുവെടി വച്ച് ചികിൽസിക്കാനുള്ള വനംവകുപ്പിന്‍റെ ദൗത്യം തുടങ്ങാനിരിക്കേയാണ് ആന വീണ്ടും കാടിറങ്ങിയത്.
ചുരുളികൊമ്പന്‍റെ വലത്തേ കൊമ്പിനാണ് പരുക്ക്. കാഴ്ച പൂർണമായി നഷ്ടമായി.നേരത്തെ മരുന്ന് ചേർത്ത പഴങ്ങൾ നൽകി വനപാലകർ ചികിൽസിച്ചെങ്കിലും ഫലമുണ്ടായില്ല. അതോടെയാണ് മയക്കുവെടി വെച്ച് ചികിത്സ നൽകി കാട്ടിലേക്ക് തുരത്താൻ തീരുമാനിച്ചത്. നിരപ്പായ, ഉചിതമായ സ്ഥലത്തെ ദൗത്യം നടക്കൂ എന്നിരിക്കെ ആനയെ വനംവകുപ്പ് നിരീക്ഷിച്ച് വരികയായിരുന്നു. അതിനിടെ കഞ്ചിക്കോട് പയറ്റുകാടിലെത്തിയ ആന മണിക്കൂറുകളോളം പരിഭ്രാന്തിയുണ്ടാക്കി. രാവിലെ പലയിടങ്ങളിലെത്തി, പലതും ആഹാരമാക്കി. ഇന്നലെ IIT ക്കു സമീപമെത്തിയ കൊമ്പൻ വൈദ്യുതി ലൈനിലേക്ക് തെങ്ങ് മറിച്ചിട്ടാണ് മടങ്ങിയത്.
അനുകൂല മേഖലയിലേക്ക് ആനയെ എത്തിച്ചു ഉടന്‍ ദൗത്യം തുടങ്ങുമെന്നാണ് വനപാലകർ അറിയിച്ചത്. കണ്ണിനു ചികില്‍സ നല്‍കിയ ശേഷം മറ്റു രോഗങ്ങളുണ്ടോ എന്ന് പരിശോധിക്കും. ചികില്‍സ പൂര്‍ത്തിയാക്കി കാട്ടിലേക്ക് തന്നെ അയക്കും. അതീവ ദുഷ്‌കരമായ ദൗത്യത്തിനാണ് വനംവകുപ്പ് ഒരുങ്ങുന്നത്. അതേസമയം ആന തുടർന്നു കാടിറങ്ങാനുള്ള സാധ്യതയുണ്ടെന്നും ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്നും വനംവകുപ്പ് നിർദേശം നൽകി.