കോഴിക്കോട് മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ റാപ്പിഡ് രാജയും റാണിയുമായി ന്യൂസിലന്‍ഡുകാര്‍. വേഗതയേറിയ കയാക്കിങ്ങ് താരങ്ങള്‍ക്ക് മന്ത്രി മുഹമ്മദ് റിയാസ് പുരസ്കാരം സമ്മാനിച്ചു. കോടഞ്ചേരി പുലിക്കയത്ത് ടൂറിസം വകുപ്പ് നടത്തിയ പതിനൊന്നാമത് റിവര്‍ ഫെസ്റ്റിവലിനാണ് സമാപനമായത്.
കുത്തിയൊഴുകുന്ന പുഴയിലെ ഓളങ്ങളില്‍ ഓരോ മത്സരാര്‍ഥിയും ആവേശത്തിന്‍റെ തുഴയെറിഞ്ഞു. സാഹസികതയും വീറും വാശിയും നിറഞ്ഞ മത്സര കുത്തൊഴുകായിരുന്നു ഇത്തവണ. മൂന്നുദിവസങ്ങളിലായി നടന്ന കയാക്കിങ് മത്സരത്തില്‍ ന്യൂസിലാന്‍ഡുകാരായ റയാന്‍ ഒ കൊന്നോര്‍ റാപ്പിഡ് രാജയും, രാട്ട ലോവല്‍ സ്മിത്ത് റാപ്പിഡ് റാണിയുമായി. കയാക്കിങ്ങില്‍ ലോകശ്രദ്ധനേടുകയാണ് മലബാര്‍ റിവര്‍ ഫെസ്റ്റ് എന്ന് മന്ത്രി മുഹമ്മദ് റിയാസ്.
ഡൗണ്‍ റിവര്‍ മത്സരങ്ങളില്‍ പുരുഷ വിഭാഗത്തില്‍ കിലിയന്‍ ഐവെലിക്കും വനിത വിഭാഗത്തില്‍ ന്യൂസിലാഡുകാരി മില്ലി ചേമ്പലര്‍ലൈനും ഒന്നാമതെത്തി. മികച്ച പ്രകടനം കാഴ്ചവച്ച തദ്ദേശീയര്‍ക്കായുള്ള ഇന്ത്യന്‍ ബെസ്റ്റ് പാഡ്‌ലേഴ്സ് അവര്‍ഡില്‍ ഒന്നാം സ്ഥാനം അര്‍ജുന്‍ സിങ്ങ് റാവത്ത് സ്വന്തമാക്കി.