വയനാട് ബത്തേരിയെ ഭീതിയിലാഴ്ത്തി വീണ്ടും പുലി. കഴിഞ്ഞദിവസം കോഴികളെ പിടികൂടി കൊന്ന കോട്ടക്കുന്നിലെ അതേ വീട്ടിലാണ് വീണ്ടും രാത്രി പുലി എത്തിയത്. കൂട് സ്ഥാപിച്ച് പുലിയെ വേഗം പിടികൂടുന്നതില്‍ വനംവകുപ്പ് അലംഭാവം കാട്ടുകയാണെന്ന് നാട്ടുകാര്‍ ആരോപിച്ചു.
ബത്തേരി ടൗണിലെ പുലിയുടെ സാന്നിധ്യം നാട്ടുകാര്‍ക്ക് വീണ്ടും ആശങ്ക സൃഷ്ടിക്കുകയാണ്. കഴിഞ്ഞ ചൊവ്വാഴ്ച കോട്ടകുന്നില്‍ എത്തിയ അതേ വീട്ടില്‍ രാത്രി വീണ്ടും പുലിയെത്തി. കോഴിക്കൂടിന് ചുറ്റും നടന്ന് കോഴികളെ പിടികൂടാന്‍ ശ്രമിക്കുന്ന പുലിയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നു. പുതുശേരിയില്‍ പോള്‍ മാത്യുവിന്‍റെ ഈ വിട്ടില്‍ നിന്നും ഏഴ് കോഴികളെയാണ് കോഴിക്കൂട് പൊളിച്ച് കഴിഞ്ഞദിവസം പുലികൊന്നു തിന്നത്.
ബത്തേരി ടൗണിലും മൈസൂര്‍ റോഡ് ജംഗ്ഷന്‍ പരിസരത്തും പുലിയെ കണ്ടതായി നാട്ടുകാര്‍ പറയുന്നു. ടാപ്പിങ് തൊഴിലാളിയെ കഴിഞ്ഞദിവസം ആക്രമിച്ചത് പുലി ആണെന്നാണ് സൂചന. കഴിഞ്ഞമാസം ബത്തേരി ഫെയര്‍ലാന്‍ഡിലും പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. വനം വകുപ്പ് അധികൃതര്‍ ഇവിടെ രണ്ട് ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ആളുകള്‍ ഇപ്പോളും ഭീതിയിലാണ്. കൂട് വച്ച് പുലിയെ പിടികൂടാന്‍ നടപടി വേണമെന്നാണ് ആവശ്യം