താൻ വരച്ച തെയ്യ ചിത്രങ്ങളുടെ പ്രദർശനം ഒരുക്കി ഒരു രണ്ടാം ക്ലാസുകാരൻ. കണ്ണൂർ കരിവെള്ളൂർ സ്വദേശി നമ്രിതിന്റെ രണ്ടാമത്തെ ചിത്ര പ്രദർശനമാണ് ചെറുവത്തൂരിൽ നടത്തിയത്.
നമ്രിതിന്റെ കുരുന്നു മനസ്സിൽ പതിഞ്ഞ തെയ്യങ്ങളാണ് ചിത്രങ്ങളായി കാൻവാസിൽ പിറന്നത്. കമ്മാടത്ത് ഭഗവതി, പടക്കത്തി ഭഗവതി, പുതിയ ഭഗവതി തുടങ്ങി നേരിട്ട് കണ്ടതും കേട്ടതുമായ 39 തെയ്യങ്ങളെയാണ് ഈ രണ്ടാം ക്ലാസുകാരൻ തന്റെ ക്യാൻവാസിൽ പകർത്തി വച്ചത്. ആടയാഭരണങ്ങളും മുഖത്തെഴുത്തുകളുമായി അതിഗാംഭീര്യം നിറഞ്ഞ തെയ്യരൂപങ്ങൾ. ചെമ്പ്രകാനം ചിത്ര ശില്പ കലാ അക്കാദമി വിദ്യാർഥിയായ നമ്രത്, വെള്ളൂർ ഗവ: എൽ പി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്.
ചെറുവത്തൂർ ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ പ്രശസ്ത ചിത്രകാരൻ കാരക്കമണ്ഡപം വിജയകുമാർ പ്രദർശനം ഉദ്ഘാടനം ചെയ്തു. കൈക്കോട്ട് കടവ് സ്കൂളിലെ അധ്യാപകനായ നിടുവപ്പുറത്തെ അനീഷിന്‍റേയും രശ്മിയുടെയും മകനാണ് നമ്രത്.