വയനാട് പനമരം പച്ചിലക്കാട് പടിക്കംവയലിലെ ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ പിടികൂടാൻ വനം വകുപ്പിന്‍റെ തിരച്ചിൽ ഊർജ്ജിതം. പ്രദേശത്തെ കാപ്പിതോട്ടം കേന്ദ്രീകരിച്ച് ആർ.ആർ.ടി സംഘം നടത്തിയ തെർമൽ ഡ്രോൺ പരിശോധനയില്‍ കടുവയുടെ ചിത്രം പതിഞ്ഞു. അതിനിടെ പ്രദേശത്തെ കാപ്പിത്തോട്ടം കാവൽക്കാരനെ കാണാതായത് ഏറെനേരം ആശങ്ക പരത്തിയെങ്കിലും വൈകാതെ കണ്ടെത്തിയത് ആശ്വാസമായി.
പടിക്കംവയൽ ഭാഗത്തെ വയൽപ്രദേശത്തോട് ചേർന്ന വാഴത്തോട്ടത്തിലാണ് രാവിലെ ഒൻപത് മണിയോടെ നാട്ടുകാർ കടുവയെ കണ്ടത്. കാൽപ്പാടുകൾ പരിശോധിച്ച വനം വകുപ്പ് ഉദ്യോഗസ്ഥർ കടുവ തന്നെ എന്ന് സ്ഥിരീകരിച്ചു. മാനന്തവാടി, കൽപ്പറ്റ ആർആർടി സംഘം തൊട്ടടുത്ത കാപ്പിതോട്ടങ്ങൾ കേന്ദ്രീകരിച്ച് രണ്ട് തെർമൽ ഡ്രോൺ ഉപയോഗിച്ച് പരിശോധന തുടരുകയാണ്.
കടുവയെ ലൊക്കേറ്റ് ചെയ്താൽ മയക്ക് വെടിവച്ച് പിടികൂടുന്ന നടപടികളിലേക്ക് കടക്കും. സൗത്ത് വയനാട് ഡിഎഫ്ഒ അജിത് കെ. രാമന്‍റെ മേൽനോട്ടത്തിൽ അഞ്ച് റേഞ്ചുകളിലെ ഉദ്യോഗസ്ഥർ പ്രദേശത്ത് കാവൽ തുടരുന്നുണ്ട്. പ്രദേശത്തെ ആളുകൾക്കും കാപ്പിതോട്ടത്തിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്കും വനം വകുപ്പ് ജാഗ്രതാ നിർദേശം നൽകി.