വയനാട് തുരങ്കപ്പാതയുടെ പരിസ്ഥിതി ആഘാതത്തെകുറിച്ച് കൂടുതല്‍ വിശദീകരണം തേടി കേന്ദ്രപരിസ്ഥിതി മന്ത്രാലയം. പാത കടന്നുപോകുന്ന സ്ഥലത്തിനുസമീപമാണ് ഉരുള്‍പൊട്ടലുണ്ടായ ചൂരല്‍മല– മുണ്ടക്കൈ എന്ന് റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് വിശദീകരണം തേടിയത്. മറുപടി ലഭിക്കുംവരെ കേന്ദ്ര അനുമതി നീട്ടിവയ്ക്കാനും തീരുമാനിച്ചു
ഈ മാസം നാലിന് ചേര്‍ന്ന വിദഗ്ധസമിതി യോഗത്തിലായിരുന്നു തീരുമാനം. തുരങ്കപാത നിര്‍മാണത്തിന് മുന്നോടിയായി നടത്തിയ ജിയോളജി, ഉരുള്‍പൊട്ടല്‍, ഡ്രെയ്നേജ് എന്നിവയുമായി ബന്ധപ്പെട്ടുള്ള പഠനങ്ങളുടെ റിപ്പോര്‍ട്ടും മന്ത്രാലയം തേടിയിട്ടുണ്ട്. 2134 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് സംസ്ഥാന വിദഗ്ധ വിലയിരുത്തല്‍ സമിതി അനുമതി നല്‍കിയിരുന്നു. എന്നാല്‍ അന്തിമ അനുമതി നല്‍കേണ്ടത് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിനുകീഴിലെ ഇഎസിയാണ്.
ഉരുള്‍പൊട്ടല്‍ മേഖലകളുടെ മാപ്പിങ്, ആനത്താരയ്ക്ക് പ്രത്യേകസംവിധാനം എന്നിവ ഒരുക്കണമെന്നും നിര്‍ദേശമുണ്ട്. എന്നാല്‍ കേന്ദ്രത്തിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഈ നിര്‍ദേശങ്ങളൊന്നും ചേര്‍ക്കാതിരുന്നതാണ് തിരിച്ചടിയായത്.
സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റിയുടെ വിദഗ്ധ സമിതി കഴിഞ്ഞ മാര്‍ച്ച് ഒന്നിനാണ് തുരങ്കപാതയ്ക്ക് അനുമതി നല്‍കാമെന്ന് ശുപാര്‍ശ ചെയ്തത്. എന്നാല്‍ ഈ ശുപാര്‍ശയില്‍ തീരുമാനം എടുക്കുന്നതിന് മുമ്പ് അതോറിറ്റിയുടെ കാലാവധി പൂര്‍ത്തിയായതും പദ്ധതിക്ക് തിരിച്ചടിയായി