മലയാളികളുടെ പ്രിയ സാഹിത്യകാരന്‍ എം.ടി.യുടെ ജന്മനാടായ പാലക്കാട് കൂടല്ലൂരില്‍ അദ്ദേഹത്തിന്‍റെ സ്മരണ നിലനിര്‍ത്താന്‍ ഉചിതമായ സ്മാരകം വേണമെന്ന ആവശ്യം ശക്തം. നിർമാണം പുരോഗമിക്കുന്ന കൂടല്ലൂർ കൂട്ടക്കടവ് റെഗുലേറ്ററിനോട് ചേർന്നുള്ള പ്രദേശം എംടിയുടെ ദേശമെന്ന പെരുമ നിലനിര്‍ത്തുന്നതിനൊപ്പം വിനോദസഞ്ചാര മേഖലയ്ക്കും മുതല്‍ക്കൂട്ടാക്കണമെന്നാണ് നിര്‍ദേശം. നിളയോരത്തെ പ്രകൃതിഭംഗി ആസ്വദിക്കാന്‍ നിരവധിപേരാണ് കുടുംബസമേതം എത്തുന്നത്.
നിളയോരത്തെ എം.ടിയുടെ സ്വന്തം കൂടല്ലൂര്‍ ദേശത്തിന്‍റെ പെരുമ കടല്‍ കടന്നും താളുകളില്‍ നിറഞ്ഞിട്ടുണ്ട്. ഈ മണ്ണില്‍ പ്രിയ കഥാകാരന്‍റെ സ്മൃതി നിലനിര്‍ത്താന്‍ ഉചിതമായ ഇടമൊരുക്കണമെന്നാണ് ആവശ്യം. വാഗ്ദാനങ്ങള്‍ പലതുണ്ടായെങ്കിലും എഴുത്തിന്‍റെ തീവ്ര വേരുകള്‍ ആഴ്ന്നാഴ്ന്ന് പടരാനുള്ള കാര്യമായ ഇടപെടല്‍ ഇതുവരെയുണ്ടായില്ല. നിളയോട് ചേര്‍ന്നുള്ള പാലക്കാട്, മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന കൂട്ടക്കടവ് റെഗുലേറ്റര്‍ വലിയ സാധ്യതയാണ്. ഇരുജില്ലകളിലെയും അഞ്ച് പഞ്ചായത്തുകളിലെ കാര്‍ഷിക, വിനോദസഞ്ചാര മേഖലയില്‍ പദ്ധതി പ്രയോജനം ചെയ്യും.
നിളയ്ക്ക് കുറുകെ 267 മീറ്റർ നീളത്തിലാണ് കൂട്ടക്കടവ് റെഗുലേറ്ററിന്‍റെ നിർമാണം. മെക്കാനിക്ക് വിഭാഗത്തിന്‍റെ പണികള്‍ പൂര്‍ത്തിയായാല്‍ പദ്ധതിയിലെ വിനോദസഞ്ചാര സാധ്യതയും പ്രയോജനപ്പെടുത്താനാവും. നിർമാണം പൂർത്തിയാവുന്നതോടെ കൂട്ടക്കടവ് റെഗുലേറ്റർ വരെയുള്ള പുറമ്പോക്ക് പരിശോധിച്ച് തീരദേശ റോഡിൽ എം.ടി യുടെ പേരില്‍ സകലരുടെയും ശ്രദ്ധയെത്തുന്ന മട്ടിലുള്ള സ്മൃതിപഥം വേണമെന്ന് സാഹിത്യപ്രേമികളും നാട്ടുകാരും.
ഭാരതപ്പുഴയുടെ വിനോദസഞ്ചാരസാധ്യതയും എം.ടിയുടെ സ്മൃതി നിലനിര്‍ത്താന്‍ കഴിയുന്ന മട്ടിലുള്ള പദ്ധതികളും നടപ്പാക്കാനുള്ള രൂപരേഖ യാഥാര്‍ഥ്യമാക്കുമെന്ന് മന്ത്രി എം.ബി.രാജേഷും പലഘട്ടങ്ങളില്‍ ഉറപ്പ് നല്‍കിയിരുന്നതാണ്.