വിഷുവിന് കണി കാണാന്‍ കൃഷി ചെയ്ത കണി വെള്ളരി വേനല്‍മഴയില്‍ നശിച്ചു. പാട്ടത്തിനെടുത്ത ഭൂമിയില്‍ കടം വാങ്ങി ചെയ്ത കൃഷി വലിയ നഷ്ടമാണ് കര്‍ഷകര്‍ക്കുണ്ടാക്കിയത്. കണി വെള്ളരി കൃഷിയിറക്കിയ മലബാറിലെ ഒട്ടുമിക്ക കര്‍ഷകരുടേയും സ്ഥിതി ഇതാണ്.
പെരുമണ്ണ പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലുള്ള വെള്ളിയാട്ട് 20 ഏക്കറോളം പാടത്ത് മുപ്പത്തഞ്ചോളം കര്‍ഷകരുടെ കഠിനാധ്വാനമാണ് വേനല്‍ മഴയില്‍ ചീഞ്ഞുപോയത്. ചിലത് വിണ്ടുകീറിയും നശിച്ചു. ഫെബ്രുവരി 10ന് വിത്തിട്ട് ഏപ്രില്‍ പത്ത് ആകുമ്പോഴേക്കും ആളും ആരവത്തോടെയും വിളവെടുക്കാറുള്ള പരമ്പരാഗത കര്‍ഷകരുടെ വെള്ളരി പാടമാണിത്.
കോഴിക്കോട്ടേയ്ക്കും മലപ്പുറത്തേയ്ക്കും വിദേശത്തേക്കും വരെ കണി വെള്ളരി കയറ്റുമതി ചെയ്തിരുന്നത് ഇവിടെ നിന്നാണ്. എന്നാല്‍ ഇത്തവണ കര്‍ഷകരുടെ പ്രതീക്ഷകളും സ്വപ്നങ്ങളുമെല്ലാം തകര്‍ന്നു. വിഷുവിപണി ലക്ഷ്യമിട്ട് കൃഷി ഇറക്കിയ കര്‍ഷകരുടെ ലക്ഷങ്ങളാണ് വേനല്‍ മഴയില്‍ മുങ്ങിപ്പോയത്. ഈ പ്രതിസന്ധിയില്‍ നിന്നും ഇവരെ കര കയറ്റാന്‍ സര്‍ക്കാരിന്‍റെ കൈത്താങ്ങാണ് അനിവാര്യം.