ചെറിയ അളവിൽ കൂടുതൽ ഊർജ്ജം. അതാണ് മൈക്രോ ഗ്രീൻ എന്ന് അറിയപ്പെടുന്ന മുളപ്പിച്ച പച്ചക്കറി വിത്തുകൾ. ആരോഗ്യ സംരക്ഷണത്തിൽ ഇപ്പോൾ ഇത് ട്രെൻഡിങ്ങ് ആണ്. വയനാട്ടിലെ മൈക്രോ ഗ്രീൻ കർഷകനായ യുവ ഐ.ടി എൻജിനീയറെ പരിചയപ്പെടാം.
പച്ചക്കറി വിത്തുകൾ മുളപ്പിച്ച് ഏതാണ്ട് പത്ത് ദിവസം കഴിയുമ്പോൾ പാകപ്പെടുന്നതാണ് മൈക്രോ ഗ്രീൻ എന്നറിയപ്പെടുന്ന ഈ ഇലവിത്തുകൾ. വിത്തുകളേക്കാൾ 40 ഇരട്ടി പോഷക ഗുണം. നമ്മുടെ നാട്ടിലും ക്ലിക്കാവുന്ന ഇതിൻ്റെ കൃഷിരീതിക്ക് ചില പ്രത്യേകതകൾ ഉണ്ട്. ചുള്ളിയോട് സ്വദേശിയായ യുവ ഐ.ടി എൻജിനീയർ ലിയോ ഡേവിഡിൻ്റെ കൃഷി ഈ ഒരൊറ്റ മുറിയിലാണ്.
അപ്പോൾ ഇതിന് എവിടെയാണ് മാർക്കറ്റ് എന്ന ചോദ്യം വരാം. ഹോട്ടലുകളാണ് പ്രധാന ആവശ്യക്കാർ. ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നവരുടെ ഇടയിലും താരമാണ് മൈക്രോ ഗ്രീൻ . ഷെയ്ക്കിൽ ഉൾപ്പെടുത്തിയോ സാലഡയോ വേവിക്കാതെ ഇത് ഉപയോഗിക്കാം. ജീവിത ശൈലി രോഗങ്ങളെ നേരിടാനുള്ള വൈറ്റമിൻ, ആൻ്റി ഓക്സിഡൻ്റ് എന്നിവ ഇതിൽ ധാരാളമുണ്ട്. വീടിനോട് ചേർന്ന കുറഞ്ഞ ഇടത്ത് പരീക്ഷിക്കാവുന്ന പുതിയ ഒരു കൃഷിരീതിയായി മൈക്രോ ഗ്രീൻ മാറുന്നു.