നൂൽപ്പുഴയിലെ ഭൂമി തരംമാറ്റം നിയമപരമല്ലെന്ന് കണ്ടാണ് തടഞ്ഞതെന്ന് സസ്പെൻഷൻ നേരിട്ട വയനാട് ഡെപ്യൂട്ടി കലക്ടർ സി.ഗീത മനോരമ ന്യൂസിനോട്. എന്നാൽ, നടപടി കോടതി അലക്ഷ്യമാണെന്ന് പരാതിക്കാരനായ കേരള കോൺഗ്രസ് - എം നേതാവ് കെ.ജെ.ദേവസ്യ ആരോപിച്ചു. ഭൂമി തരംമാറ്റുന്നതിൽ അസ്വാഭാവിക കാലതാമസമുണ്ടായെന്ന് റവന്യൂ മന്ത്രി കെ.രാജൻ പ്രതികരിച്ചു.
നൂൽപ്പുഴ വില്ലേജിലെ ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവ് പാലിച്ചില്ലെന്ന പേരിലാണ് വയനാട് ഡെപ്യൂട്ടി കലക്ടർ സി.ഗീതയെ സസ്പെൻഡ് ചെയ്തത്. എന്നാൽ കൃഷി ഓഫിസറുടെയും വില്ലേജ് ഓഫിസറുടെയും ശുപാർശ എതിരായത് കൊണ്ടാണ് അപേക്ഷ തള്ളിയതെന്ന് സി.ഗീത മനോരമ ന്യൂസിനോട് പറഞ്ഞു. ഉചിതമായ തീരുമാനം എടുക്കണം എന്ന് മാത്രമാണ് ഹൈക്കോടതി ഉത്തരവ്. കൈക്കൂലി ആരോപണം വ്യാജമാണ്.
എന്നാൽ കോടതി അലക്ഷ്യ നടപടിയാണ് ഡെപ്യൂട്ടി കലക്ടർ സ്വീകരിച്ചതെന്ന് പരാതിക്കാരനായ കേരള കോൺഗ്രസ് - എം നേതാവ് കെ.ജെ.ദേവസ്യ പറഞ്ഞു. ഡെപ്യൂട്ടി കലക്ടർക്കൊപ്പമുണ്ടായിരുന്ന ആൾ പതിനായിരം രൂപ കൈക്കൂലി ആവശ്യപ്പെട്ടന്ന ആരോപണത്തിലും ദേവസ്യ ഉറച്ചുനിൽക്കുകയാണ്. അതേസമയം, ഭൂമി തരംമാറ്റത്തിൽ ഗൗരവമായ കാലതാമസം ഉണ്ടായെന്ന് റവന്യൂ മന്ത്രി കെ. രാജൻ പ്രതികരിച്ചു. ഗീതയ്ക്കെതിരായ നടപടി രാഷ്ട്രീയ പ്രേരിതം എന്ന് ആരോപിച്ച് എൻജിഒ അസോസിയേഷനും രംഗത്തെത്തി.