നാളികേര വികസന ബോർഡ് ആസ്ഥാനം കേരളത്തിൽ നിന്ന് മാറ്റാനുള്ള നീക്കത്തെ ചെറുത്ത് തോൽപ്പിക്കണമെന്ന് റവന്യൂമന്ത്രി കെ.രാജൻ. കേരകർഷക സംഘം സ്ഥാപകനും സ്വാതന്ത്ര്യസമര സേനാനിയുമായ പി.ജി.വേലായുധൻ നായരുടെ പത്താം ചരമവാർഷിക ദിനത്തിൽ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു റവന്യൂമന്ത്രി. ദേശീയാടിസ്ഥാനത്തിൽ നാളികേര വികസന ബോർഡ് രൂപീകരിക്കാനുള്ള ഇന്ദിരാഗാന്ധി സർക്കാരിന്‍റെ തീരുമാനത്തിനു പിന്നിലെ പ്രേരകശക്തി പി.ജി.വേലായുധൻ നായർ ആയിരുന്നുവെന്ന് അദ്ദേഹം അനുസ്മരിച്ചു. ബോര്‍ഡ് ആസ്ഥാനം മാറ്റാനുള്ള നീക്കത്തെ കൊടിയുടെ നിറം നോക്കാതെ എതിര്‍ക്കണമെന്ന് മന്ത്രി പറഞ്ഞു.
ഇന്ദിര ഗാന്ധിയെ നേരിൽക്കണ്ട് 1979-ൽ കേന്ദ്ര നാളികേര ബോർഡ് നിയമം കൊണ്ടുവന്നതും, 1981-ൽ നാളീകേര വികസന ബോർഡ് സ്ഥാപിച്ചതും അവിഭക്ത കമ്യൂണിസ്റ്റ് നേതാവായിരുന്ന പി.ജി.വേലായുധൻ നായരുടെ ശ്രമഫലമായിരുന്നു. പാർട്ടി വ്യത്യാസമില്ലാതെ കർഷകരെ അണിനിരത്തുന്ന ഒരു പൊതു വേദിയായിട്ടാണ് അദ്ദേഹം കേരകർഷക സംഘം രൂപീകരിച്ചത്. 1974 ൽ 'കേര കർഷക സംഘം ' രൂപീകരിച്ചപ്പോൾ അതിന്റെ സ്ഥാപക ജനറൽ സെക്രട്ടറിയായ പിജി നാല് പതിറ്റാണ്ട് ആ സ്ഥാനത്ത് തുടർന്നു.
1947ല്‍ പിജി കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി. 1954ലെ നെടുമങ്ങാട് ചന്തസമരത്തിന്റെ സംഘാടകനായിരുന്നു. മൂന്നുകൊല്ലം കണ്ണൂര്‍, തിരുവനന്തപുരം സെന്‍ട്രല്‍ ജയിലുകളില്‍ തടവുകാരനായിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ പിളര്‍പ്പിന്‍റെ സമയത്ത് സിപിഎം രൂപീകരിക്കാൻ മുന്‍കൈയെടുത്തു. അന്ന് സി പി ഐ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് പുറത്താക്കപ്പെട്ടവരിൽ എകെജി , ഇഎംഎസ്, കെ.ആർ.ഗൗരിയമ്മ തുടങ്ങിയവര്‍ക്കൊപ്പം പി ജി വേലായുധൻ നായരും ഉണ്ടായിരുന്നു.
അഭിപ്രായ വ്യത്യാസത്തെ തുടർന്ന് 1969-ല്‍ സിപിഎം വിട്ടു. പിന്നീട് ഒരു വര്‍ഷം തിരുവനന്തപുരം ജില്ലയിലെ കര്‍ഷകരെ സംഘടിപ്പിച്ചു. തുടര്‍ന്ന് അവരെ ചേർത്ത് സ്വതന്ത്ര കര്‍ഷക പ്രസ്ഥാനം രൂപീകരിച്ചു. അപ്പോഴേക്കും മാതൃസംഘടനയായ സിപിഐയിലേക്ക് ക്ഷണിച്ച് എൻ.ഇ.ബലറാം, എൻ നാരായണൻ നായർ, എസ്.കുമാരൻ എന്നിവര്‍ സമീപിച്ചു. 1970ല്‍ പി ജി വേലായുധൻ നായരും നൂറുകണക്കിന് കർഷകരും സിപിഐയില്‍ ചേര്‍ന്നു. പിജി കിസാന്‍ സഭയുടെ സംസ്ഥാന നേതൃത്വത്തിലെത്തി. സി.പി.ഐ സംസ്ഥാന കൗണ്‍സില്‍ അംഗമായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു.