കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ആവശ്യത്തിന് മരുന്നുകളെത്തിച്ചെന്ന് ആരോഗ്യവകുപ്പ് അവകാശപ്പെടുമ്പോഴും ഡയാലിസിസിന് ആവശ്യമായ ഫ്ലുയിഡ് കിട്ടാതെ വൃക്കരോഗികള്‍. വന്‍തുക കൊടുത്ത് ഇന്നും പുറത്തുനിന്ന് ഫ്ലുയിഡ് വാങ്ങിക്കേണ്ടി വന്ന രോഗികള്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിച്ചു.
ഈ അമ്മയെപ്പോലുള്ളവരുടെ കണ്ണീര്‍ ആരോഗ്യമന്ത്രി ഇനിയെങ്കിലും കാണണം. കൃത്യസമയത്ത് ഡയാലിസിസ് നടത്തിയില്ലെങ്കില്‍ ഇവരുടെ മകള്‍ ഉള്‍പ്പടെയുള്ളവരുടെ ജീവന്‍ പോലും അപകടത്തിലാണ്. സൗജന്യ ഡയാലിസിസ് പ്രതീക്ഷിച്ചാണ് ഇവര്‍ മെഡിക്കല്‍ കോളജിലെത്തുന്നത്.ഒാട്ടോ ചാര്‍ജ് പോലും കൊടുക്കാന്‍ നിവൃത്തിയില്ലാത്തവര്‍ വന്‍തുക കൊടുത്ത് ഫ്ലൂയ്ഡ് പോലും പുറത്തുനിന്ന് വാങ്ങേണ്ട അവസ്ഥയിലാണ്.
രണ്ടാഴ്ച മുമ്പ് പണം തികയാത്തത് കാരണം തുക പങ്കിട്ടെടുത്താണ് രോഗികള്‍ ഫ്ലൂയിഡ് വാങ്ങിയത്. കുടിശിക കിട്ടാത്തത് കാരണം ജ നുവരി 10 മുതലാണ് കരാറുകാര്‍ മരുന്നുവിതരണം നിര്‍ത്തിയത്. ആഴ്ചകള്‍ക്കുശേഷം മെഡിക്കല്‍ കോളജ് സൂപ്രണ്ട് ആരോഗ്യമന്ത്രിയുമായി ചര്‍ച്ച നടത്തി മരുന്നുക്ഷാമം പരിഹരിച്ചുവെന്ന് പറഞ്ഞെങ്കിലും ഇപ്പോഴും ഡോക്ടര്‍ കുറിക്കുന്ന മരുന്നിന്റ പകുതി പോലും കൗണ്ടറുകളില്‍ നിന്ന് കിട്ടുന്നില്ല.