വീട്ടുപടിക്കൽ റീത്ത് വയ്ക്കുന്നതിലെ “ജനാധിപത്യ വിരുദ്ധത” ചർച്ച ചെയ്യാൻ മാത്രം ജനാധിപത്യ സംസ്‌ക്കാര വളർച്ചയൊന്നും കേരളത്തിനായിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവ് വിടി ബല്‍റാം. ചെടിച്ചട്ടി കൊണ്ട് തലയ്ക്കടിക്കുന്ന ക്രിമിനലുകളെ 'രക്ഷാപ്രവർത്തകരാ'യി കാണുന്ന ഒരാൾ ഇപ്പോഴും മുഖ്യമന്ത്രിക്കസേരയിൽ ഇരിക്കുന്ന നാടാണിതെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
'അതുകൊണ്ട് തന്നെ തൽക്കാലത്തേക്കെങ്കിലും സമാധാനപരമായ ഒരു പ്രതിഷേധ മാർഗ്ഗം എന്ന നിലയിൽ ഈ നിരുപദ്രവകരമായ റീത്ത് വയ്ക്കലിന് പ്രസക്തിയുണ്ട്. വെൻ്റിലേറ്ററിലായ കേരള ആരോഗ്യ സിസ്റ്റത്തിലെ യഥാർത്ഥ വീഴ്ചകൾ തന്നെയാണ് ഇവിടെ ചർച്ചയാവേണ്ടത്. സമരത്തിലെ പ്രതീകാത്മകതകളെച്ചൊല്ലിയുള്ള കപട വിലാപങ്ങളാലൊന്നും ജനങ്ങളുടെ ദുരിതത്തെ മറച്ചുപിടിക്കാനാവില്ലെന്നും ബല്‍റാം വ്യക്തമാക്കി.
ഇന്ന് രാവിലെ ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ ഗേറ്റിന്‍റെ പൂട്ടുപൊളിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഉള്ളില്‍ കയറി റീത്ത് വച്ചിരുന്നു. ആരോഗ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടായിരുന്നു പുലര്‍ച്ചെ തൈക്കാട് ഹൗസിലേയ്ക്ക് പ്രതിഷേധക്കാരെത്തിയത്. സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫീസിന്‍റെ മൂക്കിന്‍ തുമ്പില്‍ നടന്ന പ്രതിഷേധം അറിയാതെ പോയത് പൊലീസിന്‍റെ വന്‍ വീഴ്ചയായി. റീത്ത് വച്ചവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.
അഞ്ച് മിനിറ്റ് തളളിനൊടുവില്‍ പൂട്ട് പൊളിച്ച പ്രതിഷേധക്കാര്‍ തൈക്കാട് ഹൗസിലേയ്ക്ക് ഒാടിക്കയറി. പതിവ് കാവല്‍ക്കാരായ മൂന്ന് പൊലീസുകാരെ നോക്കുകുത്തികളാക്കി. പിന്നെക്കണ്ടത് അസാധാരണ രംഗങ്ങളായിരുന്നു. പ്രധാനവാതിലില്‍ റീത്ത് വച്ച് പ്രതിഷേധം. പൊലീസുകാരില്‍ ഒരാള്‍ ഉടന്‍ റീത്തെടുത്ത് മാറ്റി. പിന്നാലെ കരിങ്കൊടികളുമായി പ്രവര്‍ത്തകര്‍ ഗേറ്റിനു മുമ്പില്‍ കുത്തിയിരുന്നു. 15 മിനിറ്റ് കൂടി കഴിഞ്ഞെത്തിയ പൊലീസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ ശ്രമിച്ചതോടെ ഉന്തും തളളുമായി. പൊലീസ് ബലംപ്രയോഗിച്ചതോടെ പ്രതിഷേധക്കാര്‍ ഇടഞ്ഞു. പൊലീസ് വണ്ടി തടഞ്ഞതോടെ നാടകീയ രംഗങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു.തുടര്‍ന്ന് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. പ്രതിഷേധ സാധ്യതയുണ്ടെന്ന സ്പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ഉണ്ടായിട്ടും കൂടുതല്‍ പൊലീസിനെ നിയോഗിച്ചിരുന്നില്ല. സുരക്ഷാ വീഴ്ചയില്‍ കമ്മിഷണര്‍ കന്‍റോന്‍റ്മെന്‍റ് എസിപിയോട് വിശദീകരണം തേടിയിരിക്കുകയാണ്.