പറമ്പിക്കുളത്ത് ഷട്ടറുകള്‍ പുതുക്കി സ്ഥാപിക്കുന്നു; ജലക്ഷാമത്തിന് പരിഹാരമാകും

parambikkulam-new
SHARE

പറമ്പിക്കുളം അണക്കെട്ടിലെ ഒന്നും മൂന്നും ഷട്ടറുകള്‍ പുതുക്കി സ്ഥാപിക്കുന്ന ജോലികള്‍ക്ക് തുടക്കമായി. ഒന്നരവര്‍ഷം മുന്‍പ് കാലപ്പഴക്കം കാരണം രണ്ടാമത്തെ ഷട്ടര്‍ തകര്‍ന്ന സാഹചര്യത്തിലാണ് തമിഴ്നാടിന്റെ മുന്‍കരുതല്‍. ഷട്ടര്‍ തകര്‍ന്ന് കൂടുതല്‍ വെള്ളം ഒഴുകിപ്പോയതിനാല്‍ കേരളത്തിലെയും തമിഴ്നാട്ടിലെയും കൃഷിയ്ക്ക് ഉള്‍പ്പെടെയുള്ള ജലവിതരണത്തില്‍ ക്ഷാമമുണ്ടാക്കിയിരുന്നു.  

കോയമ്പത്തൂരില്‍ നിർമിച്ച ഷട്ടറുകളാണ് സ്ഥാപിക്കുന്നത്. രണ്ടു ഷട്ടറുകളുടെ പ്രവർത്തനത്തിനായുള്ള ചങ്ങല അടുത്തദിവസം ചെന്നൈയിൽ നിന്നു പറമ്പിക്കുളത്ത് എത്തിക്കും. മേയ് അവസാനത്തിനു മുൻപായി പണി പൂർത്തീകരിക്കുക എന്ന ലക്ഷ്യത്തിലാണ് തമിഴ്നാട് ജലവിഭവ വകുപ്പ്. പറമ്പിക്കുളം അണക്കെട്ടിലെ ഒന്ന്, മൂന്നു ഷട്ടറുകൾ മാറ്റി പുതിയതു സ്ഥാപിക്കുന്നതിനു 24.15 കോടി രൂപ അനുവദിച്ചിരുന്നു. കാലവർഷം ആരംഭിച്ച് ജൂണിൽ അണക്കെട്ടിൽ ജലം സംഭരിച്ചു തുടങ്ങുന്നതിനു മുൻപായി ആധുനിക സംവിധാനത്തോടു കൂടിയ ഷട്ടറുകള്‍ സ്ഥാപിക്കാനാണു തീരുമാനം. 2022 സെപ്തംബർ ഇരുപത്തി ഒന്നിന് പുലർച്ചെ പറമ്പിക്കുളം അണക്കെട്ടിലെ മൂന്നു സ്പിൽവേ ഷട്ടറുകളിൽ നടുവിലെ ഷട്ടർ തകർന്നിരുന്നു. കാലപ്പഴക്കം മൂലം ഷട്ടർ ഉയർത്താൻ ഉപയോഗിക്കുന്ന ചങ്ങല പൊട്ടിയതാണ് അന്നു തകർച്ചയ്ക്കു കാരണമായത്. ഇതിനെത്തുടര്‍ന്ന് അണക്കെട്ടിൽ നിന്ന് ആറ് ടിഎംസി വെള്ളം ചാലക്കുടി പുഴയിലേക്ക് ഒഴുക്കി കളയേണ്ടി വന്നു. പറമ്പിക്കുളം വെള്ളത്തെ ആശ്രയിക്കുന്ന തമിഴ്നാട്ടിലെയും കേരളത്തിലെയും കാർഷിക മേഖലയ്ക്കു ഇത് വലിയ പ്രതിസന്ധിയുണ്ടാക്കി. 7.2 കോടി ചെലവിട്ടു തകർന്ന നടുവിലെ ഷട്ടർ മാറ്റി പുതിയ ഷട്ടർ സ്ഥാപിച്ചു. അപ്രതീക്ഷിതമായി ഷട്ടർ തകർച്ചയുണ്ടാക്കിയ പ്രതിസന്ധിക്ക് പരിഹാരമായാണ് പുതിയതു സ്ഥാപിക്കാൻ ഉദ്യോഗസ്ഥര്‍ സർക്കാരിലേക്ക് റിപ്പോര്‍ട്ട് നല്‍കിയത്. 

Shutters are being renewed in parambikulam

MORE IN NORTH
SHOW MORE