parambikulam

ചിറ്റൂരിലെ കര്‍ഷകരെ സാരമായി ബാധിക്കുന്ന പറമ്പിക്കുളം ആളിയാര്‍ കരാര്‍ പ്രകാരമുള്ള ജലവിതരണ പ്രതിസന്ധി തിരഞ്ഞെടുപ്പില്‍ പ്രധാന ചര്‍ച്ചയാക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം. വേണ്ടത്ര വെള്ളമുണ്ടായിട്ടും കേരളത്തിന് അര്‍ഹമായ വിഹിതം നേടിയെടുക്കാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നാണ് പരാതി. കുടിവെള്ള പ്രതിസന്ധി ഉള്‍പ്പെടെ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കിയിട്ടും ഫലമില്ലെന്ന് രമ്യ ഹരിദാസ് എം.പി പറ​ഞ്ഞു

പറമ്പിക്കുളം–ആളിയാർ അന്തർ സംസ്ഥാന കരാർ പ്രകാരം കേരളത്തിന് ലഭിക്കേണ്ടത് 7.25 ടി.എം.സി.വെള്ളമാണ്. മാര്‍ച്ച് പകുതിയിലെത്തിയിട്ടും 4.406 ടി.എം.സി വെള്ളമാണ് കിട്ടിയത്. ചിറ്റൂരിലെ നെല്‍കര്‍ഷകര്‍ മാത്രമല്ല ഇരുപതിലധികം കുടിവെള്ള പദ്ധതികളുടെ പ്രവര്‍ത്തനവും താളം തെറ്റി. ജലലഭ്യത കുറഞ്ഞതിനാല്‍ നെല്‍കര്‍ഷകര്‍ക്ക് രണ്ടാംവിളയില്‍ കാര്യമായ പ്രയോജനമുണ്ടായില്ല. ഹെക്ടര്‍ കണക്കിന് കൃഷിയാണ് ഉണങ്ങി നശിച്ചത്. അടിയന്തര പ്രാധാന്യത്തോടെ ഇടപെടണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിട്ടും മുഖ്യമന്ത്രി മറുപടി പോലും നല്‍കിയില്ലെന്ന് എം.പി. 

 

തമിഴ്നാട് കൂടുതല്‍ വെള്ളം കൊണ്ടുപോവുന്നതായും കര്‍ഷകര്‍ക്ക് പരാതിയുണ്ട്.  മതിയായ ജലവിഹിതം നേടിയെടുക്കാന്‍ കഴിയാത്ത സംസ്ഥാനത്തിന്റെ നിലപാട് ആലത്തൂര്‍ മണ്ഡലത്തില്‍ പ്രധാന ചര്‍ച്ചയാണ്. നിരവധിതവണ കര്‍ഷകര്‍ പ്രതിഷേധമുയര്‍ത്തിയിട്ടും ഫലപ്രദമായി ഇടപെടാന്‍ കഴിയാത്തത് തമിഴ്നാടിനോടുള്ള കേരള സര്‍ക്കാരിന്റെ മൃദുസമീപനമെന്നും വിമര്‍ശനമുണ്ട്.