തരിശു നിലം വിളനിലമാക്കി കാസർകോട് പിലിക്കോട്ടെ പുരുഷ സ്വയം സഹായ സംഘം

തരിശു നിലം വിളനിലമാക്കി കാസർകോട് പിലിക്കോട് നിനവ് പുരുഷ സ്വയം സഹായ സംഘം. പാട്ടത്തിനെടുത്ത ഒന്നര ഏക്കർ വയലിലാണ് 14 പേരടങ്ങുന്ന സംഘം നെൽകൃഷി ചെയ്ത് മികച്ച വിളവ് നേടിയത്.  സർക്കാർ ഉദ്യോഗസ്ഥരും നിർമാണ തൊഴിലാളികളും ഉൾപ്പെടെ വിവിധ മേഖലകളിൽ നിന്നുള്ള 14 പേരുടെ കൂട്ടായ്മ. നിനവ് പുരുഷ സ്വയം സഹായ സംഘം. സംഘത്തിന്റെ ആദ്യ സംരംഭമായിരുന്നു നെൽകൃഷി. വർഷങ്ങളായി തരിശായി കിടക്കുന്ന ഒന്നര ഏക്കർ വയലാണ് ഇവർ കൃഷി യോഗ്യമാക്കി നൂറുമേനി വിളകൊയ്തത്. ജോലിക്കിടെ ലഭിക്കുന്ന ഇടവേളകളിലായിരുന്നു കൃഷി. പ്രതിസന്ധികളെയെല്ലാം  മറികടന്ന്  കഠിനാധ്വാനത്തിലൂടെ  ഒടുവിൽ പ്രതിഫലവും. 

അത്യുൽപാദനശേഷിയുള്ള നെൽവിത്താണ് കൃഷിക്കായി ഉപയോഗിച്ചത്. ചതുപ്പ് വയൽ ആയതുകൊണ്ട് തന്നെ  കാര്യമായ വളപ്രയോഗം ഇല്ലാതെ തന്നെ നല്ല വിളവുനേടാൻ സാധിച്ചു. പ്രദേശത്തെ പാരമ്പര്യ കർഷകർ ചേർന്നാണ് ആദ്യ കതിർ കറ്റകൾ കൊയ്തെടുത്തത്.