അറസ്റ്റിന് സിപിഎം നേതാക്കളുടെ സമ്മര്‍ദം; പിന്നാലെ എസ്.ഐയുടെ ആത്മഹത്യാശ്രമം

കാസർകോട് ബേഡകത്ത് പൊലീസുദ്യോഗസ്ഥന്റെ ആത്മഹത്യ ശ്രമത്തിന് പിന്നാലെ സിപിഎമ്മിനെതിരെ ആരോപണവുമായി കോൺഗ്രസ്‌. പ്രാദേശിക സിപിഎം നേതാക്കളുടെ സമ്മർദ്ദമാണ് സംഭവത്തിനു പിന്നിലെന്നാണ് ആരോപണം. തിരഞ്ഞെടുപ്പ് ദിവസം ഉദുമ മണ്ഡലത്തിൽ ഉണ്ടായ യുഡിഎഫ് - എൽഡിഎഫ് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി സിഎം ഉനൈസിനെതിരെ സിപിഎം വനിതാ നേതാവ് ബേഡകം സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. ഇതിൽ ഉനൈസിനെതിരെ സ്ത്രീത്വത്തെ അപമാനിച്ചതിന് കേസെടുത്തു. 

ബേഡകം സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ വിജയനായിരുന്നു അന്വേഷണചുമതല. പിന്നാലെ വിഷം കഴിച്ച നിലയിൽ വിജയനെ താമസസ്ഥലത്ത് കണ്ടെത്തുകയായിരുന്നു. സിപിഎം നേതാക്കൾ ഉനൈസിനെ കസ്റ്റഡിയിൽ എടുക്കാൻ വിജയനുമേൽ സമ്മർദ്ദം ചെലുത്തിയെന്നാണ് കോൺഗ്രസിന്റെ ആരോപണം. സമ്മർദ്ദം ശക്തമായതോടെ താൻ എന്ത് ചെയ്യണമെന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന വിജയൻ സഹ പ്രവർത്തകരോട് സംസാരിച്ചതായാണ് സൂചന. മംഗളൂരൂവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വിജയന്റെ മൊഴിയെടുത്താലേ ഇക്കാര്യത്തിൽ വ്യക്തത ലഭിക്കൂ.