അവിശ്വാസപ്രമേയത്തില്‍ ബിജെപിയെ പിന്തുണച്ചു; കോണ്‍ഗ്രസ് പഞ്ചായംഗത്തിന് സസ്പെന്‍ഷന്‍

കാസര്‍കോട് പൈവളിഗെ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റിനെതിരെ ബിജെപി കൊണ്ടുവന്ന അവിശ്വാസ പ്രമേയത്തെ പിന്തുണച്ച കോണ്‍ഗ്രസ് അംഗത്തിന് സസ്പെന്‍ഷന്‍. കോണ്‍ഗ്രസിന്‍റെ ഏക അംഗമായ അവിനാശ് മച്ചാദോയെയാണ് കെപിസിസിയുടെ നിര്‍ദേശപ്രകാരം പ്രാഥമിക അംഗത്വത്തില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തത്

ബിജെപിയുടെ അവിശ്വാസ പ്രമേയത്തെ കോണ്‍ഗ്രസ് പിന്തുണച്ചത് ലോക്സഭാ തിരഞ്ഞെടുപ്പിലെ നീക്കുപോക്കിന്‍റെ ഭാഗമാണെന്ന എല്‍ഡിഎഫ് ആരോപണത്തിന് പിന്നാലെയാണ് സസ്പെന്‍ഷന്‍. അവിനാശിനോട് ഡിസിസി പ്രസിഡന്‍റ് വിശദീകരണം തേടിയിട്ടുണ്ട്. എന്നാല്‍ പ്രമേയത്തെ എതിര്‍ത്ത് വോട്ട് ചെയ്യണമെന്ന് തനിക്ക് നിര്‍ദേശമൊന്നും ലഭിച്ചില്ലെന്നും സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനം   തനിക്ക് നല്‍കാമെന്ന ഉറപ്പ് പാലിക്കാത്തതുകൊണ്ടാണ് ബിജെപിയെ പിന്തുണച്ചതെന്നുമാണ്  അവിനാശിന്‍റെ മറുപടി. ബിജെപിയില്‍ ചേരില്ല, കോണ്‍ഗ്രസില്‍ തന്നെ തുടരും.

19 അംഗ ഭരണസമിതിയില്‍ എല്‍ഡിഎഫിനും ബിജെപിക്കും എട്ടംഗങ്ങള്‍ വീതമാണുള്ളത്. മു‍സ്‍ലിം ലീഗിന് രണ്ടും കോണ്‍ഗ്രസിന് ഒന്നും. നറുക്കെടുപ്പിലൂടെയാണ് പ്രസിഡന്‍റ് സ്ഥാനം എല്‍ഡിഎഫിനും വൈസ് പ്രസി‍ഡന്‍റ് സ്ഥാനം ബിജെപിക്കും ലഭിക്കുകയായിരുന്നു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി തിരഞ്ഞെടുപ്പില്‍ യുഡിഎഫ്  എല്‍ഡിഎഫിനെ പിന്തുണച്ചു. പകരം  ലീഗ് അംഗങ്ങള്‍ക്ക് രണ്ട്  സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷ സ്ഥാനം  നല്‍കി. ഇതിലൊന്ന് തനിക്ക് ലഭിക്കണമെന്നായിരുന്നു അവിനാശിന്റെ  ആവശ്യം. 

Congress suspends member for supporting bjp's no confidence motion