പാലക്കാട് അകത്തേത്തറ ചെക്കിനിപ്പാടത്ത് നാട്ടിലേക്കിറങ്ങിയ കൊമ്പന്‍ വീടിന്റെ മേല്‍ക്കൂര തകര്‍ത്തു. ചിന്നം വിളി കേട്ട് ചെക്കിനിപ്പാടം സ്വദേശിനി ജാനകിയും മകളും വീട്ടില്‍ നിന്നും ഇറങ്ങിയോടി. പടക്കം പൊട്ടിച്ച് നാട്ടുകാരാണ് ആനയെ കാട്ടിലേക്ക് തുരത്തിയത്.
ചിന്നം വിളിച്ചതിന് പിന്നാലെ വീടിനോട് ചേര്‍ന്നുണ്ടായിരുന്ന പപ്പായ മരം ആന മറിച്ചിട്ടു. വീടിന്റെ ഓടിട്ട മേല്‍ക്കൂരയുടെ ഒരുഭാഗം കുത്തി താഴെയിട്ടു. മുന്‍വശത്തെ ഇരുമ്പ് തൂണും ഷീറ്റും തകര്‍ത്താണ് ആന അടുത്ത സ്ഥലത്തേയ്ക്ക് ഓടിയത്. പിന്നാലെ ജാനകി ഇറങ്ങിയോടി. കയ്യിലുണ്ടായിരുന്ന ഓലപ്പടക്കം പൊട്ടിച്ച് അടുത്ത വീട്ടുകാര്‍ പ്രതിരോധം തീര്‍ത്തു. മുക്കാല്‍ മണിക്കൂറിലധികം നീണ്ട ആശങ്ക.
ചെക്കിനിപ്പാടത്തും പരിസരത്തും നേരത്തെയും നിരവധിതവണയാണ് ആനയിറങ്ങി ഭീതിപടര്‍ത്തിയിട്ടുള്ളത്. വാഴയും മരച്ചീനിയും ഉള്‍പ്പെടെയുള്ള കൃഷിയും തകര്‍ത്താണ് പതിവ് മടക്കം. വീടുകള്‍ക്ക് സമീപത്തെ സ്വകാര്യ തോട്ടം കാടിന് സമാനമായി വളര്‍ന്നതാണ് ആനയുടെ വരവ് വേഗത്തിലാക്കുന്നത്. വനംവകുപ്പ് ആര്‍ആര്‍ടി സംഘം സ്ഥലത്തെത്തി ആനയെ തുരത്തിയാലും അവര്‍ മടങ്ങുന്നതിന് പിന്നാലെ വീണ്ടും ആനയുടെ വരവുണ്ടാകുന്നതാണ് നാട്ടുകാരുടെ നെഞ്ചിടിപ്പ് കൂട്ടുന്നത്.