eliphant-main

മൂന്നു മാസം പ്രായമായ കുഞ്ഞനാന വയനാട് ചേകാടിയിലെ സ്കൂളിലെത്തിയത് കഴിഞ്ഞ മാസം മനം നിറഞ്ഞ് കണ്ടവരാണ് നമ്മൾ. കാടുകയറ്റിയ അതേ കുഞ്ഞൻ ദിവസങ്ങൾക്ക് ശേഷം കർണാടകയുടെ ഭാഗമായ ബെള്ള ആന ക്യാംപിൽ ചലനമറ്റ് കിടക്കുന്നതും നമ്മൾ വേദനയോടെയും കണ്ടു. കാട്ടാനകൂട്ടം ഉപേക്ഷിച്ച കുട്ടിയാനയെ കേരള വനം വകുപ്പും കർണാടക വനവകുപ്പും ചേർന്ന് അമ്മയാനയുടെ അടുത്തേക്ക് വിട്ടെങ്കിലും അവർ സ്വീകരിച്ചിരുന്നില്ല. സ്നേഹവും പരിചരണവും ആവോളമുള്ള ജീവിവർഗമായിട്ടും കാട്ടാനകളിൽ നിന്ന് കുട്ടിയാനകൾ എങ്ങനെ വേർപിരിയുന്നു എന്ന് ആലോചിച്ചിട്ടുണ്ടോ.? അതിന് കാരണമുണ്ട്. അതേ പറ്റി പറയും മുമ്പ് കാട്ടാനകളിലെ മാതൃത്വത്തെ പറ്റി പറയണം

അമ്മയാനയും കുട്ടിയും, മാതൃത്വം

18- മുതൽ 22 മാസം വരെ ഗർഭം ചുമന്നാണ് അമ്മയാനയുടെ പ്രസവം. പ്രസവസമയത്ത് അമ്മയാനയെ കൂട്ടത്തിലെ മറ്റു ആനകൾ ഒന്നായി പരിചരിക്കും. നാലു വർഷം മുലപ്പാൽ നൽകും. ഒരു മാസമാകുമ്പോഴേക്ക് കുട്ടിയാനക്ക് തുമ്പിയിൽ പുല്ലും മറ്റും എടുത്തു തുടങ്ങും. പൂർണമായി ഒറ്റക്ക് നിൽക്കാൻ കുട്ടിയാനക്ക് ഒരു വർഷമെങ്കിലും വേണം എന്നാണ് വിദഗ്ദർ പറയുന്നത്. പത്തുവയസു വരെ കൂട്ടിയാനക്ക് അമ്മയാനയുടേയും കൂട്ടത്തിലെ മറ്റു ആനകളുടേയും സംരക്ഷണമുണ്ടാകും. 

wild-elephant

എല്ലാ ആനകളും തന്റെ കുഞ്ഞെന്ന നിലയിലാണ് കുട്ടിയാനയെ പോറ്റുക. പ്രസവത്തോടെയോ കുട്ടിക്ക് പ്രായപൂർത്തിയാവുന്നതിനു മുമ്പോ അമ്മയാന ചരിഞ്ഞാൽ കൂട്ടത്തിലെ മറ്റു പിടിയാനകളാകും കുട്ടിയാനകളെ വളർത്തുക. കൊമ്പനാണെങ്കിൽ ഈ കാലയളവിനു ശേഷം കൂട്ടത്തിൽ നിന്നു തനിയെ പിരിയും. പിടിയാനയാണെങ്കിൽ കൂട്ടത്തിൽ തുടരും. ഇങ്ങനെയൊക്കെയാണെങ്കിലും ചിലഘട്ടങ്ങളിൽ കുട്ടിയാനകളെ അമ്മയാന ഒഴിവാക്കാറുണ്ട്. അതിനു പല കാരണങ്ങളുണ്ട്

രോഗങ്ങൾ

പ്രസവത്തോടെ ജനിതകമോ അല്ലാതെയോ ഉള്ള രോഗങ്ങളുള്ള കുഞ്ഞുങ്ങളെ അമ്മയാന മനപൂർവം കൂട്ടത്തിൽ നിന്നു പറഞ്ഞുവിടും. രോഗം മൂലം കുഞ്ഞിനു അതിജീവിക്കാനാവില്ലെന്ന് അമ്മയാനക്ക് ബോധ്യമുണ്ടാകും. കൂട്ടത്തിൽ നിന്നു പോകുന്ന കുട്ടിയാന ഒന്നല്ലെങ്കിൽ മറ്റു വന്യജീവികൾക്ക് ഇരയാകും. അല്ലെങ്കിൽ കാടിറങ്ങും. കാടിറങ്ങുന്നവരെ ഏറെ വൈകാതെ ചരിയും. അടുത്തിടെ കാടിറങ്ങി വന്ന കുഞ്ഞന്മാരിൽ മിക്കവർക്കും രോഗം സ്ഥിരീകരിച്ചിരുന്നു.

elephant

കടുവ ആക്രമണം

കുട്ടിയാന ജനിക്കുമ്പോൾ തന്നെ കടുവയടക്കമുള്ള വന്യജീവികളുടെ കണ്ണ് പതിഞ്ഞിട്ടുണ്ടാകും. അവസരമൊത്ത് ആക്രമണവും ഉണ്ടാകും. കൂട്ടത്തിൽ കയറിയുള്ള ആക്രമണത്തെ മറ്റു ആനകൾ പ്രതിരോധിക്കാൻ ശ്രമിക്കുമെങ്കിലും ഒരു ഘട്ടത്തിൽ പിന്തിരിഞ്ഞു ഓടലാണ് സംഭവിക്കുക. ജീവൻ രക്ഷ ഓട്ടത്തിനിടെ കുട്ടിയാനകൾ കടുവയ്ക്ക് ഇരയായേക്കും. ഇനി പരുക്കുകളോടെ ഓടി മാറിയാലും ആനക്കൂട്ടം കുട്ടിയാനയെ സ്വീകരിക്കില്ല. കഴിഞ്ഞ നവംബറിൽ വയനാട് തിരുനെല്ലിയിൽ ഇറങ്ങിയ ഒരു വയസ് പ്രായം തോന്നിക്കുന്നു കുട്ടിയാന കടുവയുടെ ആക്രമണത്തോടെയായിരുന്നു കൂട്ടംതെറ്റിയിരുന്നത്. വനം വകുപ്പ് സംഘം കുഞ്ഞനെ കാടു കയറ്റാൻ ശ്രമിച്ചെങ്കിലും കാട്ടാനക്കൂട്ടം അവനെ സ്വീകരിച്ചില്ല. പിന്നീട് മുത്തങ്ങ ആന ക്യാമ്പിലേക്ക് കൊണ്ടുപോയെങ്കിലും ചരിഞ്ഞു.

അതിരപ്പള്ളിയിലെ കുഞ്ഞൻ 'വ്യത്യസ്തം '

തൃശൂർ അതിരപ്പിള്ളിയിൽ തുമ്പി ഇല്ലാത്ത കുട്ടിയാന ഈ പറഞ്ഞതിൽ നിന്ന് വ്യത്യസ്തമാണ്. അതിജീവിക്കാൻ പ്രയാസമാണെങ്കിലും അഞ്ചു വയസുള്ള ആനയെ ആനക്കൂട്ടം ഇതുവരെയും ഉപേക്ഷിച്ചിട്ടില്ല. കുട്ടിയാനക്ക് ഇപ്പോഴും അമ്മയാന ഭക്ഷണം നൽകുന്നുണ്ട്. വനം വകുപ്പ് സംഘം ആനയെ നിരീക്ഷിച്ചുവരുന്നുണ്ട്.

ഭക്ഷണത്തിന്റെ ദൗർലഭ്യതയും കാടിന്റെ വിസ്തൃതി കുറയുന്നതുമൊക്കെ മറ്റു കാരണങ്ങളാണ്. ഒഴുക്കിൽ പെട്ടും കുഴിയിൽ വീണുമൊക്കെ അബദ്ധത്തിൽ കൂട്ടംതെറ്റലും സംഭവിക്കാറുണ്ട്. അത്തരം കുട്ടിയാനകളെ അമ്മയാണ് വേഗത്തിൽ സ്വീകരിക്കും. 

കാലുകൾക്കിടയിൽ ചേർത്തുവെച്ചു വളർത്തുന്ന കുട്ടിയാനയെ അമ്മയാന വേർപിരിയുന്നതു വൈകാരികമായിട്ടായിരിക്കും എന്നാണ് വനപാലകർ പറയാർ. എന്തിരുന്നാലും ഇതൊക്കെയാണ് കാടിന്റെ രീതിയും ശീലവും.  ഉപേക്ഷിക്കലും വേട്ടയാടപ്പെടലുമൊക്കെയാണ് വന്യത...!

ENGLISH SUMMARY:

Elephant calf abandonment is a complex issue in the wild. This often occurs due to illness, predator threats, or food scarcity, impacting the calf's survival.