munnar-elephant

മദപ്പാടിലെത്തിയ കാട്ടാനകൾ മൂന്നാറിലെ ജനവാസ മേഖലയിൽ ഇറങ്ങിയതോടെ കർശന നിർദേശവുമായി വനം വകുപ്പ്. ആനകളെ പ്രകോപിപ്പിക്കുന്ന രീതിയിൽ സഞ്ചാരികൾ പെരുമാറരുത്. 24 മണിക്കൂറും നിരീക്ഷണത്തിനായി പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തി. 

വഴിയരികില്‍ കാട്ടാനകളെ കാണുമ്പോള്‍ വണ്ടി നിര്‍ത്തി ഹോണടിക്കുക, വണ്ടിയില്‍ നിന്നിറങ്ങി ആനയോടൊപ്പം സെല്‍ഫി എടുക്കുക... വിനോദ സഞ്ചാരികളുടെ പതിവ് പരിപാടികളില്‍ അസ്വസ്ഥരാണ് വനംവകുപ്പ്. പ്രത്യേകിച്ചും  കാട്ടാന പടയപ്പ അടക്കമുള്ള നാലാനകൾ മദപ്പാടിലെത്തിയതോടെ പ്രശ്നത്തിന്റെ തീവ്രത വര്‍ധിച്ചു. ഇതോടെയാണ് കര്‍ശന നിര്‍ദേശങ്ങളുമായി വനംവകുപ്പ് രംഗത്തിറങ്ങിയത്. ആനകളെ കണ്ടാൽ വാഹനം നിർത്തുകയോ ഹോൺ മുഴക്കുകയോ ചെയ്യരുത്. ദൃശ്യങ്ങൾ എടുക്കുന്നതിനായി ആനകളെ പ്രകോപിപ്പിക്കരുത്. വനംവകുപ്പിന്റെ ദൗത്യങ്ങൾക്ക് സഞ്ചാരികൾ തടസമാകരുത് എന്നിങ്ങനെയാണ് നിർദേശങ്ങൾ. ഒരുമാസമായി മൂന്നാറിലെ ജനവാസ മേഖലയിൽ കാട്ടാന ശല്യം രൂക്ഷമാണ്. ആനകൾ എസ്റ്റേറ്റ് മേഖലയിൽ ഇറങ്ങുന്നതിനാൽ തോട്ടം തൊഴിലാളികളും ആശങ്കയിലാണ്. 

നിരീക്ഷണത്തിനായി RRT ഉണ്ടെങ്കിലും ആനകളെ കാണാൻ സഞ്ചാരികൾ തടിച്ചുകൂടുന്നത് ദൗത്യത്തിന് വെല്ലുവിളിയാവുകയാണ്. പലതവണ നൽകിയ മുന്നറിയിപ്പ് സഞ്ചാരികൾ പാലിക്കാതെ വന്നതോടെയാണ് വീണ്ടും നിർദേശവുമായി വനംവകുപ്പ് രംഗത്തെത്തിയത്. മദപ്പാടിലെത്തിയ ആനകൾ ജനവാസ മേഖലയ്ക്ക് സമീപം തുടരുകയാണ്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വനംവകുപ്പിന്റെ വിശദീകരണം

ENGLISH SUMMARY:

Muthanga elephant news is a critical concern in Kerala, with wild elephants increasingly entering human settlements in Munnar. The forest department has issued strict directives to tourists to avoid provoking the animals and to refrain from activities like stopping vehicles or honking, as the presence of elephants like Padayappa has heightened the intensity of the issue.