മൂന്നാറിലെത്തുന്ന വാഹനങ്ങളിൽ നിന്ന് പ്രവേശന ഫീസ് ഈടാക്കാന്‍ തീരുമാനം. ഹരിത ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ച് ഫീസ് ഈടാക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം. മൂന്നുമാസത്തിനകം പദ്ധതി നടപ്പാക്കാനാണ് തീരുമാനം.
മൂന്നാറിലെത്തുന്ന സഞ്ചാരികൾ വൻതോതിൽ മാലിന്യം തള്ളുന്നുണ്ടെന്ന് വ്യക്തമായതോടെയാണ് ഹരിത ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ച് ഫീസ് ഈടാക്കാൻ തീരുമാനിച്ചത്. മാലിന്യം വലിച്ചെറിയാതെ ശേഖരിച്ച് വയ്ക്കുന്നതിനുള്ള സഞ്ചികൾ സഞ്ചാരികൾക്ക് നൽകും. തരംതിരിച്ച മാലിന്യം മടക്കയാത്രയിൽ ചെക്ക് പോസ്റ്റിൽ കൈമാറാം. വിവിധ രാഷ്ട്രീയ, സംഘടന പ്രതിനിധികളുമായും ജില്ലാ കലക്ടറുമായും ചർച്ച നടത്തിയാണ് ഫീസ് ഈടാക്കാനുള്ള തീരുമാനമെടുത്തത്
ദിവസവും ശരാശരി 1500 മുതൽ 2500 വരെ വാഹനങ്ങൾ മൂന്നാറിൽ എത്തുന്നുണ്ടെന്നാണ് കണക്ക്. സീസണിൽ ഇത് 5000 വരെയാകാം. വാഹനങ്ങളുടെ വലുപ്പം കണക്കാക്കിയാകും ഫീസ് ഇടാക്കുക. എത്ര രൂപ വാങ്ങണമെന്ന കാര്യത്തിൽ പഞ്ചായത്ത് ഉടൻതന്നെ തീരുമാനമെടുക്കും