vd

മുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ മുതിര്‍ന്ന നേതാക്കളെ സന്ദര്‍ശിച്ച് പിന്തുണയും അനുഗ്രഹവും തേടി വി.ഡി സതീശന്‍. മുതിര്‍ന്ന നേതാവ് എ.കെ. ആന്‍റണിയെയും വി.എം.സുധീരനെയും കണ്ട സതീശന്‍ മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ വീട്ടിലുമെത്തി. ഇതിനിടയില്‍ പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനവും നടത്തി. 

കോണ്‍ഗ്രസിന്‍റെ നിയമസഭ കക്ഷി നേതാവായുള്ള ഹൈക്കമാന്‍ഡ് പ്രഖ്യാപനത്തിന് ശേഷം ആദ്യമെത്തിയത് മുതിര്‍ന്ന നേതാവ് എ.കെ ആന്‍റണിയെ കാണാനായിരുന്നു. അരമണിക്കൂറോളം അടിച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തി. പിന്നെയെത്തിയത് മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഉറച്ച് പിന്തുണ നല്‍കിയ വി.എം സുധീരനെ. അധികാരത്തിലെത്തിയാല്‍ അടുപ്പം സ്ഥാപിക്കാനെത്തുന്ന അവതാരങ്ങളെ സൂക്ഷിക്കണമെന്ന് നിയുക്ത മുഖ്യമന്ത്രിക്ക് മുന്നറിയിപ്പ്. ഇതിനിടെ പത്മനാഭ സ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനും നിയുക്ത മുഖ്യമന്ത്രി സമയം കണ്ടെത്തി. അരമണിക്കൂറോളം വി.ഡി സതീശന്‍ ക്ഷേത്രത്തിനകത്ത് സമയം ചെലവഴിച്ചു. ക്ഷേത്രം ഭാരവാഹികള്‍ ഊഷമളമായ സ്വീകരണമാണ് നല്‍കിയത്. ഇവിടെ നിന്നും നേരെ പോയത് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ തിരുവനന്തപുരത്തെ വീട്ടിലേക്ക്. ഉമ്മന്‍ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മന്‍, മക്കളായ ചാണ്ടി ഉമ്മന്‍ എം.എല്‍.എ, മറിയ ഉമ്മന്‍, കൊച്ചുമകന്‍ എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ മന്ത്രിയാകാന്‍ കഴിയാത്തതാണ് തന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ തടസ്സമെന്ന് അദ്ദേഹം പറഞ്ഞു. 

മുന്‍മുഖ്യമന്ത്രി പിണറായി വിജയനെ സത്യപ്രതിജ്‍ഞയ്ക്ക് മുന്‍പ് നേരില്‍ കാണുമെന്നും അദ്ദേഹം അറിയിച്ചു. 

ENGLISH SUMMARY:

V.D Satheesan, following his announcement as the leader of the Congress Legislative Party, met with senior leaders to seek their support and blessings. He visited A.K. Antony, V.M. Sudheeran, and Oommen Chandy's residence, also making a visit to the Padmanabhaswamy Temple.