Untitled design - 1

TOPICS COVERED

കേരളത്തിലെ അൻപതിലധികം ആരോഗ്യവിദഗ്ദ്ധർ തിരുവനന്തപുരത്ത് കേരള സി.ഡി.സി (KCDC) യിൽ ഒത്തു ചേർന്ന വിവരം പങ്കുവെച്ച് ഡോ. എസ്എസ് ലാല്‍.  പകർച്ചവ്യാധികൾ നേരിടുന്നതിന് സംസ്ഥാനത്തിൻ്റെ മാർഗരേഖകൾ പുതുക്കുന്നതിൻ്റെ പണിപ്പുരയാണ് ചിത്രങ്ങളിലെന്ന് കുറിച്ചുകൊണ്ട് ഫോട്ടോകളും അദ്ദേഹം ഫെയ്സ്ബുക്കില്‍ പങ്കുവെച്ചു. 

സർക്കാർ നിയമിച്ച ആരോഗ്യ ഹൈ പവർ കമ്മിറ്റി ചെയ്യുന്ന കാര്യങ്ങളിൽ ഒന്ന് മാത്രമാണ് ചിത്രങ്ങളിൽ. ആരോഗ്യ വകുപ്പിലെയും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെയും സ്വകാര്യ മേഖലയിലെയും വിദഗ്‌ദ്ധ സ്പെഷ്യലിസ്റ്റുകളാണ് ഒത്തുചേർന്നത്. എ.പി.ഐ, ഐ.എ.പി, ഐ.എം.എ തുടങ്ങിയ പ്രൊഫഷണൽ സംഘടനകൾ വിദഗ്‌ദ്ധരുടെ പങ്കാളിത്തം ഉറപ്പാക്കി. 

നമ്മുടെ ചില മാർഗരേഖകൾക്ക് പത്ത് കൊല്ലം വരെ പഴക്കമുണ്ടായിരുന്നു. ഏകീകൃത മാർഗരേഖകൾ ഇല്ലാതിരുന്നതിനാലോ ലഭ്യമല്ലാതിരുന്നതിനാലോ ചില രോഗങ്ങളുടെ കാര്യത്തിൽ ഡോക്ടർമാർക്കിടയിലും ചെറിയ ആശയങ്ങഴപ്പങ്ങൾ ഉണ്ടായിരുന്നു. ഇതെല്ലാം പരിഹരിച്ച് സംസ്ഥാന വ്യാപകമായി ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ സർക്കാർ സ്വകാര്യ മേഖലകളിൽ ഏകീകൃത മാർഗരേഖകൾ എത്രയും വേഗം വ്യാപകമായി ലഭ്യമാക്കുകയാണ് ഉദ്ദേശ്യം. 

ഹൈ പവർ കമ്മിറ്റി കൺവീനർ ഡോ. ശ്രീജിത് എൻ കുമാർ, അംഗങ്ങളായ ഡോക്ടർ സുൽഫി സി.ഡി.സി മേധാവി കൂടിയായ ഡോ. അൽത്താഫ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. മീനാക്ഷി പരിശീലന പരിപാടി സന്ദർശിച്ചു. ഡോ: അഹ്‌സനയുടെ നേതൃത്വത്തിൽ ഗ്ലോബൽ ഇൻസ്റ്റിട്യൂട്ട് ഓഫ് പബ്ലിക് ഹെൽത്ത് പരിശീലന പരിപാടിയുടെ സംഘാടനത്തിന് പിന്തുണ നൽകി. 

കേരളത്തിലെ ആരോഗ്യ രംഗത്ത് കർമ്മനിരതരായ വിദഗ്‌ദ്ധർ ധാരാളം ഉണ്ട്. മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവയ്ക്കുന്ന ആരോഗ്യപ്രവർത്തകർ എല്ലാ തലത്തിലും ഉണ്ട്. എന്നാൽ ആരോഗ്യ മേഖലയിലെ ഉപവകുപ്പുകൾ തമ്മിലുള്ള ഏകോപനത്തിൽ ചില വിടവുകൾ ഉണ്ട്. ആയുഷ് വിഭാഗങ്ങളുമായുള്ള ഏകോപനത്തിലും പ്രശ്നങ്ങൾ ഉണ്ട്. ഇതൊക്കെ കാരണം ആരോഗ്യ വകുപ്പിൻ്റെ മാർഗരേഖകളും മേൽനോട്ടവും പിന്തുണയും എല്ലാ മേഖലയിലും എത്താതെ പോകുന്നുണ്ട്. ഇത് ആത്യന്തികമായി പകർച്ചവ്യാധികളുടെ നിയന്ത്രണത്തെ ബാധിക്കുന്നു. അത് മനുഷ്യരുടെ ആരോഗ്യത്തെയും ആയുസിനെയും ബാധിക്കുന്നു. 

മേല്ലറഞ്ഞ വിടവുകൾ ചൂണ്ടിക്കാണിക്കുക എന്നതാണ് ഹൈ പവർ കമ്മിറ്റി പ്രധാനമായും ചെയ്യുന്നത്. പിന്നെ ഈ വിടവുകൾ നികത്താനുള്ള പദ്ധതികൾ നിർദ്ദേശിക്കുകയും അവ നടത്തിക്കാൻ ഒപ്പം നിൽക്കുകയും ചെയ്യുക എന്നതും. – അദ്ദേഹം വ്യക്തമാക്കുന്നു. 

ENGLISH SUMMARY:

Healthcare experts in Kerala convened at KCDC Thiruvananthapuram to update infectious disease guidelines, a crucial step towards strengthening the state's public health infrastructure. This initiative aims to bridge coordination gaps between various health departments and ensure unified protocols for better disease control.