weekly-insulin-jothydev-kesavadev-2

ഇന്‍സുലിന്‍ ഉപയോഗിക്കുന്ന പ്രമേഹരോഗികള്‍ക്ക് ആശ്വാസവാര്‍ത്ത.  എല്ലാം ദിവസത്തെയും കുത്തിവയ്പ്പിന് പകരം ആഴ്ചയിൽ ഒരിക്കൽ മാത്രം ഉപയോഗിക്കാവുന്ന ഇൻസുലിൻ ഇന്ത്യയിൽ പുറത്തിറക്കി.  ഡാനിഷ് മരുന്ന് നിർമാതാക്കളായ നൊവൊ നോർഡിസ്കാണ് 'അവിക്വലി' എന്ന പേരില്‍ ഇന്‍സുലിന്‍ ഇന്‍ജക്ഷന്‍ അവതരിപ്പിച്ചത്.  വര്‍ഷം 365 ദിവസവും ഇന്‍സുലിനെടുക്കുന്നതിന് പകരം 52 തവണ കുത്തിവയ്പ്പ് നടത്തിയാല്‍ മതി എന്നതാണ് വിപ്ലവകരമായ മാറ്റം.  ഇത്തരം ഇന്‍സുലിന്‍ കുത്തിവയ്പ്പ് ലോകത്താദ്യമെന്നാണ് നിര്‍മാതാക്കളുടെ അവകാശവാദം.  ഈ ഇന്‍സുലിന്‍റെ സുരക്ഷിതത്വം തെളിയിക്കപ്പെട്ടതാണെന്ന് പ്രമേഹരോഗവിദഗ്ധന്‍ ഡോ.ജ്യോതിദേവ് കേശവദേവ് മനോരമ ന്യൂസിനോട് പറഞ്ഞു. ഡോ.ജ്യോതിദേവ് കേശവദേവിന്‍റെ സ്ഥാപനവും ഇൗ മരുന്നിന്‍റെ ക്ലിനിക്കല്‍ ട്രയല്‍സിന്‍റെ ഭാഗമായിരുന്നു. ഡോ.ജ്യോതിദേവ് കേശവദേവുമായുള്ള അഭിമുഖം.

weekly-insulin-01

1. ആഴ്ചയില്‍ ഒരിക്കല്‍ മാത്രം ഉപയോഗിക്കാവുന്ന ഇന്‍സുലിന്‍ എത്രത്തോളം സുരക്ഷിതമാണ്?

ഓരോ പത്തോ ഇരുപതോ വർഷം കഴിയുമ്പോൾ പുതിയ ഇൻസുലിൻ വിപണിയിൽ എത്താറുണ്ട്. അത് എപ്പോഴും പഴയ ഇൻസുലിനേക്കാളും മെച്ചപ്പെട്ടതും സുരക്ഷിതവും ഫലപ്രദവുമായിരിക്കും. നമുക്കിപ്പോ രണ്ടുതരം ഇൻസുലിൻ ആണുള്ളത്. ഒന്ന് പെട്ടെന്ന് പ്രവർത്തിക്കുന്നത്. മറ്റൊന്ന്  ദീർഘനേരം പ്രവർത്തിക്കുന്നത്.  ദീർഘനേരം പ്രവർത്തിക്കുന്ന ഇൻസുലിനാണ് ദിവസം ഒരു നേരം എടുക്കുന്നത്. ഇത് 24 മണിക്കൂറാണ് പ്രവര്‍ത്തിക്കുന്നത്. ആഴ്ചയിൽ ഒരിക്കൽ എടുക്കേണ്ട 'അവിക്വിലി' ഇൻസുലിൻ ദീർഘനേരം പ്രവർത്തിക്കുന്നതിനാല്‍ 7 ദിവസങ്ങൾ നീണ്ടുനിൽക്കും. ഇതിന്റെ സുരക്ഷിതത്വം, ഫലപ്രാപ്തി, പാർശ്വഫലങ്ങൾ എല്ലാം വർഷങ്ങളോളം വിശദമായിട്ട് പഠിച്ചതാണ്. ഞങ്ങളുടെ ഒരു സന്തോഷം എന്നത് ഞങ്ങൾ ഇതിന്റെ ക്ലിനിക്കൽ ട്രയലിന്‍റെ (Clinical Trials) ഭാഗമായിരുന്നു. ക്ലിനിക്കൽ ട്രയൽ എന്നാല്‍ കേന്ദ്ര സർക്കാരിന്റെ അനുമതിയോടുകൂടി നടത്തുന്ന മരുന്ന് പരീക്ഷണമാണ്. അതിൽ അമേരിക്ക ഉൾപ്പെടെയുള്ള ലോകം മുഴുവനുള്ള പ്രമുഖ രാജ്യങ്ങൾ പങ്കെടുക്കും. ക്ലിനിക്കൽ ട്രയലിൽ ഞങ്ങളുടെ തിരുവനന്തപുരത്തെ സ്ഥാപനവും പങ്കെടുത്തിരുന്നു. അതിൽ പങ്കെടുത്ത രോഗികൾ ഏകദേശം ഒന്നര വർഷത്തോളം ഈ മരുന്ന് ഉപയോഗിച്ചു. അവര്‍ക്കെല്ലാം ഒരുപാട് ഇഷ്ടപ്പെട്ടു. അവർക്ക് ഒരുപാട് സുരക്ഷിതവും ‌ഫലപ്രദവുമായി തോന്നിയ ഒരു ഇൻസുലിനാണിത്. അതുകൊണ്ട് ഈ ഇൻസുലിനെക്കുറിച്ച് നമുക്ക് ഭയമൊന്നുമില്ല. പക്ഷെ ഈ ഇൻസുലിൻ പുതിയതായതുകൊണ്ടും ഒരുപാട് പ്രത്യേകതകൾ ഉള്ളതുകൊണ്ടും മറ്റ് ഇൻസുലിന്‍ പോലെയല്ല  ഉപയോഗിക്കേണ്ടത്. ഡോസ് കാൽക്കുലേറ്റ് ചെയ്യുന്നതും മറ്റ് നിർദേശങ്ങളുമെല്ലാം തികച്ചും വ്യത്യസ്തമാണ്.

2. ആഴ്ചയില്‍ ഒരിക്കല്‍ മാത്രം ഉപയോഗിക്കാം എന്ന സൗകര്യത്തിനപ്പുറം ഇതിന്‍റെ ഗുണങ്ങള്‍ എന്തൊക്കെയാണ്?

മരുന്നിന്‍റെ എണ്ണം കുറയുന്നത് രോഗികള്‍ക്ക് മാനസികമായി വലിയ സന്തോഷവും സമാധാനവും നല്‍കും. ഇത് തന്നെയാണ് അവിക്വിലി എന്ന ഇന്‍സുലിന്‍റെ ഏറ്റവും വലിയ ഗുണം. എല്ലാ ദിവസവും എഴുന്നേറ്റ് ഒരു ഇൻജെക്ഷൻ എടുക്കുക, ആ ഇൻജെക്ഷൻ മറന്നുപോവുകയാണെങ്കിൽ ബുദ്ധിമുട്ട് തുടങ്ങിയവ പല പ്രമേഹരോഗികളും നേരിടുന്ന പ്രശ്നമാണ്. അതിനുപകരം നമ്മൾ ഞായറാഴ്ച അല്ലെങ്കിൽ ശനിയാഴ്ച ഒരു ദിവസം ഒരിക്കൽ മാത്രം എടുത്താല്‍ മതിയെങ്കില്‍ ആളുകള്‍ക്ക് സൗകര്യപ്രദമാകും. പോകുന്നിടത്തെല്ലാം സിറിഞ്ചും പെന്നും കൊണ്ടുപോകേണ്ട ആവശ്യവും ഇല്ല.

Dr.Jothydev Kesavadev
Chairman and Managing Director: Jothydev's Diabetes Research Center, Trivandrum.
Thiruvananthapuram  2024 : Photo by : J Suresh

ഡോ.ജ്യോതിദേവ് കേശവദേവ്, പ്രമേഹരോഗവിദഗ്ധന്‍ ചെയര്‍മാന്‍, ജ്യോതിദേവ് ഡയബറ്റിക്സ് റിസര്‍ച്ച് സെന്‍റര്‍

3. എല്ലാ വിഭാഗം പ്രമേഹമുള്ളവര്‍ക്കും ഇത് ഉപയോഗിക്കാമോ? പ്രായഭേദമുണ്ടോ?

ആഴ്ചയിൽ ഒരിക്കൽ എടുക്കുന്ന ഇൻസുലിൻ തൽക്കാലം 18 വയസ് കഴിഞ്ഞവർക്ക് ഉപയോഗിക്കാന്‍ മാത്രമാണ് അനുമതി. കുഞ്ഞുങ്ങൾക്ക് ഉപയോഗിക്കാന്‍ അനുമതിയില്ല. കുട്ടികളിൽ ഇതിന്റെ പരീക്ഷണം നടന്നിട്ടുണ്ട്, ടൈപ്പ് 1 ഡയബറ്റിസിനും പരീക്ഷണം നടന്നിട്ടുണ്ട്. പക്ഷെ അനുമതി കിട്ടാതിരിക്കുന്നതിന്റെ കാരണം എല്ലാ ഇൻസുലിനും സംഭവിക്കുന്നതുപോലെ ഇതിലും ഹൈപ്പോഗ്ലൈസീമിയ വരാമല്ലോ.  ദീർഘനേരം പ്രവർത്തിക്കുന്ന ഇൻസുലിൻ നമ്മളുടെ അറിവില്‍ 24 മണിക്കൂര്‍ നീണ്ടുനില്‍കുന്ന ഇൻസുലിനുകളേ ഉള്ളൂ. പക്ഷെ ഏഴ് ദിവസത്തോളം  പ്രവർത്തനം നീണ്ടുനിൽക്കുന്നതിനാല്‍ ഈ ഇൻസുലിൻമൂലം പെട്ടെന്ന് ഗ്ലൂക്കോസ് കുറഞ്ഞുപോയാൽ ചികില്‍സിക്കുന്നത് കുറച്ചുകൂടി ബുദ്ധിമുട്ടാകും. അതുകൊണ്ടാണ് കുഞ്ഞുങ്ങളിൽ ഇത് വൈകിപ്പിക്കുന്നത്. കുറച്ചുകൂടി ഇതേക്കുറിച്ച് മനസിലാക്കാനുള്ള ശ്രമങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ടൈപ്പ് 1, ടൈപ്പ് 2, പാൻക്രിയാറ്റിക് ഡയബറ്റിസ് അങ്ങനെ എല്ലാവർക്കും ഇത് കൊടുക്കാൻ സാധിക്കും. ഗർഭവേളയിലെ പ്രമേഹത്തിനും ഇൗ ഇന്‍സുലിന്‍ ഉപയോഗിക്കാനാകില്ല. അതിനുള്ള പഠനങ്ങൾ നടന്നുകൊണ്ടിരിക്കുന്നതേയുള്ളൂ. 

insulin-03

4. എന്തെങ്കിലും തരത്തിലുള്ള പാര്‍ശ്വഫലങ്ങള്‍ പരീക്ഷണഘട്ടത്തിലോ മറ്റോ ഈ ഇന്‍സുലിന് ഉണ്ടായിട്ടുണ്ടോ?

പ്രമേഹരോഗ ചികില്‍സയില്‍ ഇൻസുലിനേക്കാളും ഫലപ്രദമായ ശക്തമായ മറ്റൊരു മരുന്നില്ല. കാരണം അത്രയും ഫലപ്രദമായി ഗ്ലൂക്കോസ് കുറയ്ക്കും. അതുകൊണ്ട് തന്നെ ഗ്ലൂക്കോസ് തീരെ താഴ്ന്നുപോകാനുള്ള സാധ്യത എല്ലാ ഇൻസുലിനും ഉണ്ട്. അത് ഈ ഇൻസുലിനും ഉണ്ട്. ഹൈപ്പോഗ്ലൈസീമിയ എന്നത് വളരെ സൂക്ഷിക്കേണ്ട ഒന്നാണ്. ഏത് ഇന്‍സുലിന്‍ എടുക്കുമ്പോഴും കണ്ടിന്യൂസ് ഗ്ലൂക്കോസ് മോണിറ്ററിംഗ് ഡിവൈസസ് ഉപയോഗിക്കുന്നത് നല്ലതാണ്. അപ്പോള്‍ നമുക്ക് രാത്രിയിലും പകലുമൊക്കെ ഗ്ലൂക്കോസ് കൂടുന്നതും കുറയുന്നതും അറിയാൻ സാധിക്കും. ഇൗ ഇന്‍സുലിന്‍റെ മനുഷ്യ പരീക്ഷണ സമയത്ത് ഞങ്ങളിത് രോഗികള്‍ക്ക് നല്‍കിയിരുന്നു. 

അപകടകരമായ വിധത്തില്‍ ഗ്ലൂക്കോസ് താഴ്ന്ന് പോകുന്ന അവസ്ഥയാണ് ഹൈപ്പോഗ്ലൈസീമിയ. ആഴ്ചയിൽ ഒരിക്കൽ എടുക്കുന്ന ഇൻസുലിൻ ഒരുപാട് ഗുണങ്ങൾ പറഞ്ഞുവെങ്കിലും ചില ആൾക്കാർക്ക് പല ഇൻസുലിൻസ് വേണ്ടിവരും. ദീർഘനേരം പ്രവർത്തിക്കുന്ന ബേസൽ ഇൻസുലിൻ ഒരു ദിവസം ഒരു നേരം എടുക്കുന്നതോടൊപ്പം റാപ്പിഡ് ആക്ടിങ് ഇൻസുലിൻ രണ്ടും മൂന്നും പ്രാവശ്യം എടുക്കുന്ന ആൾക്കാരുണ്ട്. ബേസൽ ഇൻസുലിന്റെ മാത്രം പകരക്കാരനായിട്ടാണ് ഇത് വന്നിരിക്കുന്നത്. പെട്ടെന്ന് പ്രവർത്തിക്കുന്ന റാപ്പിഡ് ആക്ടിങ് ഇൻസുലിൻസിന് പകരമല്ല 'അവിക്വിലി' ഇന്‍സുലിന്‍

5 'അവിക്വിലി' ഇന്‍സുലിന്‍റെ വില എത്രയാണ്? 

എത്ര യൂണിറ്റാണോ ഉപയോഗിക്കുന്നത് എന്നത് ആശ്രയിച്ചായിരിക്കും വില. ഇൻസുലിന്റെ പ്രമുഖ നിർമാതാക്കളായ നോവോ നോർഡിസ്ക് (Novo Nordisk) തന്നെയാണ് ഈ മരുന്നും വിപണിയിൽ കൊണ്ടുവന്നിരിക്കുന്നത്. ഒരു ദിവസം 10 യൂണിറ്റാണ് ഇൻസുലിൻ എടുക്കുന്നതെങ്കിൽ ഒരാഴ്ചയിൽ 70 യൂണിറ്റ് വേണ്ടിവരും. ആ 70 യൂണിറ്റിന് തൽക്കാലം നിശ്ചയിച്ചിരിക്കുന്ന വില 261 രൂപയാണ്. ഇത് പുതിയ ഒരു കണ്ടുപിടിത്തം ആണെങ്കിലും വില താരതമ്യേന കുറവാണെന്ന് പറയാം. പേനയുടെ വില  2500 രൂപ മുതൽ 8000 രൂപ വരെയാകും. ആഴ്ചയിൽ ഒരു ഡോസ് വച്ച് കണക്കുകൂട്ടിയാല്‍ 200 രൂപയ്ക്കുള്ളിൽ മാത്രമാണ് വേണ്ടിവരിക. അത് മറ്റ് ഇൻസുലിനെ അപേക്ഷിച്ച് കൂടുതലല്ല

6. കേരളത്തില്‍ ഇൗ ഇന്‍സുലിന്‍ ഉപയോഗിക്കാന്‍ എന്താണ് മാര്‍ഗം?

ഇന്ത്യയില്‍ ഒരാഴ്ച കൊണ്ട് ഇത് വിപണിയിലെത്തും. കേരളത്തില്‍ ഇത് ഉപയോഗിക്കാന്‍ ആറുമാസത്തോളം കാത്തിരിക്കേണ്ടിവരും. പല തരം പ്രമേഹങ്ങളുള്ളവര്‍ക്ക് ഏത്ര അളവില്‍ നല്‍കണം, ഏതൊക്കെ മരുന്നുകള്‍ക്കൊപ്പം ഈ ഇന്‍സുലിന്‍ ഉപയോഗിക്കാം എന്നിവയിലൊക്കെ ഡോക്ടര്‍മാര്‍ക്ക് പരിശീലനം വേണ്ടി വരും. എല്ലാവിഭാഗം ഡോക്ടര്‍മാരിലേക്കും ആ പരിശീലനം എത്താന്‍ ആറുമാസത്തോളം വേണ്ടിവരുമെന്നാണ് കണക്കുകൂട്ടല്‍. നാളെ ജെപിഎഫിന്റെ ഗ്ലോബൽ ഡയബറ്റിസ് കൺവെൻഷൻ കോവളത്ത് തുടങ്ങുകയാണ്. അതിൽ ഈ അവിക്വിലി ഇന്‍സുലിന്‍റെ ഡോസും മാനദണ്ഡങ്ങളും ചര്‍ച്ചയാകും.

ENGLISH SUMMARY:

There is good news for people with diabetes who require insulin therapy. India has launched a once-weekly insulin injection, eliminating the need for daily insulin shots. Danish pharmaceutical company Novo Nordisk has introduced the new insulin under the brand name Awiqli. Instead of taking insulin injections every day of the year, patients may now need only 52 injections annually, marking a significant advancement in diabetes management.