aishwarya-rajan-video-about-her-health

താന്‍ നേരിട്ട രോഗാവസ്ഥയെക്കുറിച്ച് വെളിപ്പെടുത്തി അനശ്വര രാജന്‍റെ സഹോദരിയും ഇന്‍ഫ്ലുവന്‍സറുമായി ഐശ്വര്യ രാജന്‍. ഡിസ്ക് തേയ്മാനം, അലര്‍ജി എന്നു തുടങ്ങി ശരീരത്തിന്‍റെ ഓരോ ഭാഗവും വേദനിക്കുന്ന ഫൈബ്രോമയാള്‍ജിയ എന്ന രോഗാവസ്ഥ നേരിടേണ്ടി വന്ന എട്ടു വര്‍ഷത്തെ കുറിച്ചാണ് ഐശ്വര്യ തുറന്നു പറഞ്ഞത്. സോഷ്യല്‍മീഡിയയില്‍ പങ്കുവച്ച വിഡിയോയിലൂടെയായിരുന്നു താരത്തിന്‍റെ തുറന്നുപറച്ചില്‍. 

ഡിസ്ക് പ്രശ്നം കാരണം ദീര്‍ഘനേരം ഇരിക്കാന്‍ കഴിയില്ലായിരുന്നുവെന്നും കോളജിലെ ക്ലാസുകള്‍ അറ്റന്‍ഡ് ചെയ്തതും പരീക്ഷ എഴുതിയതും നിന്നുകൊണ്ടാണെന്നും താരം വെളിപ്പെടുത്തി. മുഖം കഴുകാനോ തല കഴുകാനോ പോലും കുനിയാന്‍ സാധിക്കില്ലായിരുന്നുവെന്നും അത്രയ്ക്ക് വേദനയാണ് ആ സമയത്ത് നേരിട്ടതെന്നും ഐശ്വര്യ. രോഗം ഭേദമാകാന്‍ പോകാത്ത ആശുപത്രികളും വൈദ്യന്മാരുമില്ലെന്നും അവരുടെ ചികില്‍സയിലൂടെയുണ്ടായ ട്രോമകളെ കുറിച്ചും ഐശ്വര്യ വിഡിയോയിലൂടെ വെളിപ്പെടുത്തുന്നു.

ശരീരത്തില്‍ ഒന്ന് വെറുതെ തട്ടിയാല്‍ പോലും വേദനയാണ്, അന്നൊക്കെ ഓവര്‍ റിയാക്ട് ചെയ്യുന്നതാണെന്ന് പറഞ്ഞ് സുഹൃത്തുക്കള്‍ കളിയാക്കുമായിരുന്നു. എന്നാല്‍ മസാജ് ചെയ്യാന്‍ വേണ്ടി തലയോട്ടിയില്‍ പോലും തൊടാന്‍ പറ്റില്ലായിരുന്നു. അത്രയ്ക്കും വേദന തനിക്കുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തിയ താരം റിലേഷന്‍ഷിപ്പിലും മോശം അനുഭവം ഉണ്ടായിട്ടുണ്ടെന്ന് തുറന്നു പറഞ്ഞു. കണ്‍സീവ് ചെയ്യാന്‍ പറ്റുമോ എന്നൊക്കെ കൂറെ പേര്‍ തുറന്നു ചോദിച്ചിട്ടുണ്ട്. അതും തന്നെ മാനസികമായി ഒരുപാട് തളര്‍ത്തിയെന്ന് ഐശ്വര്യ കൂട്ടിച്ചേര്‍ത്തു

'സിംപതിക്കോ എംപതിക്കോ വേണ്ടിയല്ല ഞാന്‍ ഇതൊക്കെ തുറന്ന് പറയുന്നത്. അതിനൊന്നും അല്‍പം പോലും ആശ്വാസം തരാന്‍ പറ്റില്ല. വേദനസംഹാരികള്‍ കൊണ്ടു പോലും പ്രയോജനമില്ലാത്ത അവസ്ഥയുണ്ടായിട്ടുണ്ട്. ഈ വേദന അനുഭവിക്കുന്ന ഒരുപാട് പേര്‍ സമൂഹത്തിലുണ്ടെന്ന് എനിക്കറിയാം. അവര്‍ക്കു വേണ്ടിയാണ് അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നത്'- ഐശ്വര്യ വിശദീകരിച്ചു.

ENGLISH SUMMARY:

Influencer Aishwarya Rajan, sister of actress Anaswara Rajan, shared an emotional video detailing her 8-year battle with fibromyalgia, disc degeneration, and allergies. She described how severe back pain made sitting impossible, forcing her to attend college and write exams while standing. Aishwarya also opened up about the trauma of trying numerous treatments, being misunderstood by friends, facing relationship challenges, and dealing with hurtful questions about conceiving. She emphasized that she is sharing her painful journey not for sympathy, but to offer comfort and solidarity to others suffering from chronic pain.