kerala-lottery

തിരുവോണം ബംപര്‍ സമ്മാനത്തുക വിതരണം ചെയ്യരുതെന്ന പരാതി ഭാഗ്യക്കുറിവകുപ്പ് തള്ളി. രേഖകള്‍ പരിശോധിച്ച് ബോധ്യപ്പെട്ടതിന്‍റെ അടിസ്ഥാനത്തില്‍ സമ്മാനത്തുക വിതരണം ചെയ്യാന്‍ തീരുമാനിച്ച് നടപടി തുടങ്ങി. തമിഴ്നാട്ടിലെ കരിഞ്ചന്തയില്‍ വിറ്റ ടിക്കറ്റിനാണ് 25 കോടി അടിച്ചതെന്നായിരുന്നു പരാതി.

വാളയാറില്‍ നിന്നാണ് തിരുവോണം ബംപര്‍ വാങ്ങിയതെന്നാണ് സമ്മാനാര്‍‍ഹരായ നാല് തിരുപ്പൂര്‍ സ്വദേശികള്‍ ഭാഗ്യക്കുറി വകുപ്പിനെ അറിയിച്ചത്. എന്നാല്‍ തമിഴ്നാട്ടിലെ കരിഞ്ചന്തയില്‍ നിന്ന് വാങ്ങിയതാണ് ടിക്കറ്റെന്നു പറഞ്ഞ് തമിഴ്നാട് സ്വദേശിയായ ഡി.അണ്‍പുറോസ് ഭാഗ്യക്കുറി വകുപ്പിന് പരാതി നല്‍കി. ഭാഗ്യക്കുറി വകുപ്പിലെ ഉന്നതതല സമിതിയുടെ പരിശോധനയില്‍ ടിക്കറ്റ് വാങ്ങിയത് വാളയാറില്‍ നിന്നാണെന്ന് സ്ഥിരീകരിച്ചു. ജേതാക്കള്‍ ഹാജരാക്കിയ നോട്ടറി അറ്റസ്റ്റ് ചെയ്ത സാക്ഷ്യപത്രം ഉന്നതതല സമിതി അംഗീകരിച്ചു. നേരിട്ട് സ്ഥലത്തുപോയി പരിശോധന നടത്തുന്ന പതിവ് ഭാഗ്യക്കുറിവകുപ്പിനില്ല. യഥാര്‍ഥ ലോട്ടറിയാണ് ഹാജരാക്കിയതെന്ന് നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു.

തിരുപ്പൂര്‍ സ്വദേശികള്‍ ഹാജരാക്കിയ രേഖകളിലൊന്നും പിഴവില്ലാത്ത സാഹചര്യത്തില്‍ സമ്മാനത്തുക വിതരണം ചെയ്യാന്‍ ഉന്നതതല സമിതി അനുമതി നല്‍കി. സമ്മാനത്തുക നാലുപേരുടെയും അക്കൗണ്ടിലേക്ക് വീതിച്ച് നല്‍കാന്‍ ആവശ്യപ്പെട്ട് ജേതാക്കള്‍ അപേക്ഷ നല്‍കിയിരുന്നു. ഇതനുസരിച്ച് നാലുപേരുടെയും അക്കൗണ്ടില്‍ പണം ഇട്ടുനല്‍കാന്‍ നടപടി തുടങ്ങി. ഏജന്‍സി കമ്മീഷനും നികുതിയും കിഴിച്ച് 15 കോടി 75 ലക്ഷം രൂപയാണ് നാല് ബംപര്‍ ജേതാക്കള്‍ക്കുമായി വീതിച്ച് നല്‍കുന്നത്. 

പരാതിയുടെ അടിസ്ഥാനത്തിലല്ല തിരുവോണം ബംപര്‍ ജേതാക്കളുടെ രേഖകള്‍ വിശദമായി പരിശോധിച്ചതെന്നാണ് ഭാഗ്യക്കുറി വകുപ്പ് പറയുന്നത്. സമ്മാനാര്‍ഹരെ കുറിച്ച് കിട്ടുന്ന പരാതിയെല്ലാം അന്വേഷിക്കാന്‍ നിന്നാല്‍പിന്നെ അതിനേ സമയമുണ്ടാകൂ എന്നും ഇത് ഭാഗ്യക്കുറിക്കു തന്നെ പ്രതിസന്ധിയായി മാറുമെന്നുമാണ് വിശദീകരണം.