elephant

അതിരപ്പിള്ളിയില്‍ എണ്ണപ്പനത്തോട്ടങ്ങളില്‍ കാട്ടാനകള്‍ തമ്പടിക്കുകയാണ്. മരങ്ങള്‍ മറിച്ചിടുകയാണ് പതിവ്. ഇന്നു പുലര്‍ച്ചെ മരം മറിച്ചിടുന്നതിനിടെ മരത്തിനടിയില്‍പ്പെട്ട് പോത്ത് ചത്തു. 

ചാലക്കുടി പുഴ നീന്തിക്കടന്ന് കാട്ടാനകള്‍ കയറുന്നത് എണ്ണപ്പന തോട്ടങ്ങളിലേക്കാണ്. ഇവിടെ കൃഷി ചെയ്യുന്നതെല്ലാം ആനകള്‍ നശിപ്പിക്കും. രാവെന്നോ പകലെന്നോ വ്യത്യാസമില്ലാതെ തോട്ടങ്ങളില്‍ കാട്ടാനകള്‍ തമ്പടിക്കും. പുലര്‍ച്ചെയാണ് ആനകളുടെ മടക്കം. ഇന്നു രാവിലെ അഞ്ചരയോടെ അതിരപ്പിള്ളി പഞ്ചായത്ത് ഓഫിസിനു സമീപത്താണ് മരം മറിച്ചിട്ടത്. അതിരപ്പിള്ളി സ്വദേശിയായ അശോകന്റെ പോത്താണ് ചത്തത്.

കാട്ടാന മരം മറിച്ചിട്ടപ്പോള്‍ പോത്തിന്റെ ദേഹത്തേയ്ക്കു വീഴുകയായിരുന്നു. പകല്‍സമയത്തും കാട്ടാനകള്‍ എണ്ണപ്പന തോട്ടത്തില്‍ ആനകള്‍ എത്തുന്നുണ്ട്. ചാലക്കുടി പുഴ നീന്തിയെത്തുന്ന ആനകള്‍ വൈദ്യുതി വേലി തകര്‍ക്കലാണ് പതിവ്. നാലു മണിയോടെ ആനകള്‍ എത്തും. പിറ്റേന്നു പുലര്‍ച്ചെ വരെ ആനകള്‍ ഉണ്ടാകും. പുലര്‍ച്ചെ പുഴ കടക്കും. വിനോദസഞ്ചാരികളും ഇതു കാണാന്‍ തമ്പടിക്കുന്നത് പതിവാണ്. പുഴയുടെ തീരങ്ങളില്‍ സോളാര്‍ വൈദ്യുത വേലി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. നേരത്തെയുണ്ടായിരുന്ന വൈദ്യുത വേലി ആനകള്‍ നശിപ്പിച്ചിരുന്നു.