പേരു കേട്ട അതിരപ്പിള്ളിക്കും വാഴച്ചാലിനും ഇടയിൽ ഒരു കൊച്ചു വെള്ളച്ചാട്ടമുണ്ട്. ചാർപ്പ വെള്ളച്ചാട്ടം. മഴവിൽ പാലം കൂടി വന്നതോടെ വെള്ളച്ചാട്ടത്തിന്റെ മനോഹാരിത അടുത്തുനിന്ന് കാണാം. ചേർപ്പുകളൊന്നുമില്ലാതെ ചാർപ്പയുടെ സൗന്ദര്യ കാഴ്ചയിലേക്ക്.
ഒരു പാറക്കെട്ട് രണ്ടായി വിഭജിക്കുന്ന വെളളച്ചാട്ടം പെരുമഴയത്ത് ഒന്നായി തീർന്ന് രൊദ്രഭാവം പുൽകും. വീണ്ടും പാറക്കെട്ട് ഇടയ്ക്കു കയറിനിന്ന് ചാർപ്പിനെ ശാന്തയാക്കും. അതിരപ്പിള്ളിയോ വാഴച്ചാലോ പോലെ അത്ര കേമനല്ലെങ്കിലും ചാർപ്പയ്ക്ക് അതിൻറേതായ തനതു സൌന്ദര്യമുണ്ടെന്ന് ആരും സമ്മതിക്കും.
ചാലക്കുടി വാൽപ്പാറ റൂട്ടിലെ യാത്രകളുടെ മാറ്റു കൂട്ടുന്നതാണ് ചാർപ്പ. റോഡിൽനിന്ന് കാണാമെന്നുള്ളതുകൊണ്ടുതന്നെ വഴിയാത്രക്കാരെല്ലാം അവിടെയിറങ്ങി ചാർപ്പയെ അഭിവാദ്യം ചെയ്യാറുണ്ട്. മഴവിൽ പാലം പണി പൂർത്തിയായതോടെ ഉഷാറായി വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം ആസ്വദിക്കാം. കൂട്ടിന് കുടുംബത്തോടെ എത്തുന്ന കുരങ്ങുകളുമുണ്ട്. വേനൽക്കാലത്ത് വെള്ളം കുറവാണെങ്കിലും മഴയായാൽ ചാർപ്പ അതീവ സുന്ദരിയായൊഴുകും. അതിരപ്പിള്ളി കാണാൻ വരുന്നവർ ചാർപ്പയെ കൂടി കണ്ടു മടങ്ങുന്നത് അതുകൊണ്ടാണ്.