Thoonakkadav-dam-shutter-opened

അറ്റകുറ്റപ്പണിക്കു മുന്നോടിയായുള്ള ജലക്രമീകരണത്തിനായി പറമ്പിക്കുളത്തെ തൂണക്കടവ് അണക്കെട്ടിന്റെ സ്പിൽവേ ഷട്ടർ തുറന്നു. മൂന്നു ഷട്ടറുകളുടെയും അറ്റകുറ്റപ്പണിക്കായാണ് നിയന്ത്രിത അളവിലുള്ള വെള്ളമൊഴുക്ക്. മഴക്കാലത്തിന് മുന്‍പായി ഷട്ടറുകളുടെ ബലക്ഷമത ഉറപ്പാക്കുകയാണ് തമിഴ്നാടിന്റെ ലക്ഷ്യം.  

തൂണക്കടവ്, പെരുവാരിപ്പള്ളം അണക്കെട്ടുകളിൽ നിന്നും അര ടിഎംസി വെള്ളമാണ് പുഴയിലേക്ക് ഒഴുക്കുന്നത്. അഞ്ച് ദിവസം കൊണ്ട് ഇത്രയും വെള്ളം ഒഴുക്കാൻ കഴിയുമെന്നാണു തമിഴ്നാട് കരുതുന്നത്. തൂണക്കടവ് അണക്കെട്ടിലെ മൂന്നു ഷട്ടറുകളിൽ നടുവിലുള്ള ഷട്ടർ 2 അടിയാണ് തുറന്നത്. സെക്കൻഡിൽ 1210 ക്യുസെക്സ് വെള്ളം കുരിയാർകുറ്റി പുഴയിലൂടെ പെരിങ്ങൽകുത്ത് അണക്കെട്ടിലേക്ക് ഒഴുകുന്നുണ്ട്.

ബലക്ഷയത്തെത്തുടര്‍ന്ന് പറമ്പിക്കുളം അണക്കെട്ടിന്റെ നടുവിലെ സ്പിൽവേ ഷട്ടർ തകർന്നിരുന്നു. ഇതിനു ശേഷമാണു മറ്റു ഷട്ടറുകളും നന്നാക്കാൻ തമിഴ്നാട് ജലസേചന വകുപ്പ് തീരുമാനിക്കുന്നത്. 1770 അടി സംഭരണ ശേഷിയുള്ള തൂണക്കടവ് അണക്കെട്ടിൽ ജലനിരപ്പ് 1745 അടി വരെ കുറച്ചതിനു ശേഷമായിരിക്കും അറ്റകുറ്റപ്പണി. വെള്ളം കുറയുന്നതിന് അനുസരിച്ചു കൂടുതൽ ഷട്ടർ ഉയർത്തും. പറമ്പിക്കുളം അണക്കെട്ടു പൂർണ സംഭരണ ശേഷിക്കടുത്തു നിൽക്കുന്ന സമയത്താണ് മൂന്നു ഷട്ടറുകളിലെ നടുവിലെ ഷട്ടർ അർധരാത്രി തകർന്നത്. 6 ടിഎംസിയോളം വെള്ളം കുരിയാർകുറ്റി പുഴ വഴി പെരിങ്ങൽകുത്ത് അണക്കെട്ടിലേക്കും അവിടെ നിന്നും ചാലക്കുടി പുഴയിലേക്കും ഒഴുക്കേണ്ടി വന്നിരുന്നു. ഈ സാഹചര്യത്തിൽ മഴക്കാലത്തിനു മുൻപായി തന്നെ ഷട്ടറുകളുടെ അറ്റകുറ്റപ്പണി പൂർത്തീകരിക്കാനാണു തമിഴ്നാട് ലക്ഷ്യമിടുന്നത്. 

Parambikulam Thunakadav Dam Spillway Shutter Opened