മഴ ദുർബലമായതിനെ തുടർന്ന് ശബരിഗിരി ജല വൈദ്യുത പദ്ധതിയുടെ ജല സംഭരണിയായ ആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കുന്നത് മാറ്റിവച്ചു. ഷട്ടറുകൾ ഉയർത്തുന്നതിനുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കി, അണക്കെട്ട് സുരക്ഷാ വിഭാഗം ഉദ്യോഗസ്‌ഥർ സ്‌ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്.
975 മീറ്റർ എന്ന റൂൾ ലെവലിൽ ജല നിരപ്പ് എത്താൻ ഇനിയും ഒരു സെൻ്റി മീറ്റർ കൂടി ജല നിരപ്പ് ഉയരണം. സംഭരണികളിലെ ജല നിരപ്പ് 78% മായി തുടരുന്നു. അണക്കെട്ടുകളുടെ വൃഷ്ടി പ്രദേശങ്ങളിൽ നേരിയ അളവിൽ ഇന്നലെ ഒറ്റപ്പെട്ട മഴയാണ് ലഭിച്ചത്. കാര്യമായ നീരൊഴുക്ക് ലഭിക്കാഞ്ഞതും ശബരിഗിരി പദ്ധതിയിലെ വൈദ്യുതോൽപാദനം പൂർണതോതിൽ നടക്കുന്നതും കാരണം സംഭരണിയിലെ ജല നിരപ്പ് കാര്യമായി ഉയർന്നിട്ടില്ലെന്നു അണക്കെട്ട് സുരക്ഷാ വിഭാഗം എക്സിക്യൂട്ടീവ് എൻജിനീയർ ഉഷാദേവി പറഞ്ഞു.
ഇന്നലെ രാവിലെ മുതൽ ഉഷാദേവിയുടെ നേത്യത്വത്തിൽ അസി.എൻജിനീയർമാരായ സുജി ബാബു, മൊനിക്ക പ്രസന്നൻ, മുഹമ്മദ് റാഫി എന്നിവരുടെ സംഘം സ്‌ഥലത്ത് ക്യാംപ് ചെയ്യുന്നു. അണക്കെട്ടിന്‍റെ ഷട്ടറുകൾ ഉയർത്തുന്ന മോട്ടറുകളുടെ അവസാനഘട്ടപരിശോധനകൾ പൂർത്തിയായി. ഷട്ടറുകൾ ഉയർത്താൻ വിദഗ്‌ധരായവരും സ്‌ഥലത്ത് എത്തിയിട്ടുണ്ട്. 981.4മീറ്റർ ശേഷിയുള്ള കക്കി ആനത്തോട് അണക്കെട്ടിൽ 975.74 മീറ്ററാണ് നിലവിലുള്ള ജല നിരപ്പ്. പമ്പയിൽ 26 മില്ലിമീറ്ററും കക്കിയിൽ 28 മില്ലിമീറ്ററുമാണ് കഴിഞ്ഞ ദിവസം മഴ ലഭിച്ചത്. വെള്ളം തുറന്ന് വിടുന്നത് ഒഴിവാക്കുന്നതിനായി പൂർണതോതിലാണ് ശബരിഗിരി പദ്ധതിയിലെ വൈദ്യുതി ഉത്പാദനം