ഉപയോഗിച്ച ഡയപ്പറുകൾ പൊതുകുളത്തിൽ; കുടിവെള്ളം മുട്ടി ചിറ്റണ്ടക്കാർ

വടക്കാഞ്ചേരി ചിറ്റണ്ട കുളത്തിൽ സാമൂഹിക വിരുദ്ധർ മാലിന്യം തള്ളി. മുതിർന്നവരുടേയും കുട്ടികളുടേയും ഉപയോഗിച്ച ഡയപ്പറുകളാണ് കുളത്തിൽ തള്ളിയത്. നാട്ടുകാരുടെ കുടിവെള്ളം മുട്ടി.

ക്വാറിയോട് ചേർന്നുള്ള ഈ കുളം നാട്ടുകാരുടെ ജലസ്രോതസാണ്. ചിറ്റണ്ട പൂങ്ങോട് മുതൽ കുണ്ടന്നൂർ വരെയുള്ള പാടശേഖരങ്ങളിലെ ഒട്ടേറെ കർഷകരുടെ വെള്ളത്തിനായുള്ള ആശ്രയം കൂടിയാണിത്. രാത്രിയിലാകാം മാലിന്യം തള്ളിയതെന്ന് സംശയിക്കുന്നു. തുണിയലക്കാൻ വന്ന നാട്ടുകാരാണ് ആദ്യം ഇതു കണ്ടത്. മാലിന്യം നീക്കാതെ ഇനി വെള്ളം ഉപയോഗിക്കാൻ കഴിയില്ല. പകർച്ചവ്യാധികൾ പടരുന്ന കാലം കൂടിയായതിനാൽ വെള്ളം ശുചീകരിച്ച ശേഷമെ ഉപയോഗിക്കാൻ കഴിയൂവെന്ന് നാട്ടുകാർ പറയുന്നു. 

പൊതുവെ വെള്ളത്തിനു ക്ഷാമം അനുഭവപ്പെടുന്ന മേഖല കൂടിയാണിത്. വേനൽക്കാലത്തെ പ്രധാനപ്പെട്ട കുടിവെള്ള സ്രോതസ് കൂടിയാണ് ഈ കുളം. ആശുപത്രി മാലിന്യമാണോയെന്ന് സംശയിക്കുന്നുണ്ട്.  കാലപ്പഴക്കം ചെന്ന ഗുളികകളും ഉപേക്ഷിച്ചവയിൽ ഉണ്ട്. സാമൂഹിക വിരുദ്ധരെ കണ്ടെത്താൻ പൊലീസ് അന്വേഷണം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.