കൊടുങ്ങല്ലൂരിൽ കടലാക്രമണം രൂക്ഷം; ഉപ്പുവെള്ളം കയറി മിയാവാക്കി വനം നശിക്കുന്നു

കൊടുങ്ങല്ലൂര്‍ മുനയ്ക്കല്‍ ബീച്ചിലെ മിയാവാക്കി വനം ശക്തമായ വേലിയേറ്റത്തില്‍ ഏറെക്കുറെ കരിഞ്ഞുണങ്ങി. കടല്‍ക്ഷോഭം കാരണം ഉപ്പുവെള്ളം കെട്ടിനിന്നതാണ് മിയാവാക്കി വനം കരിഞ്ഞുണങ്ങാന്‍ കാരണം. 

2020 മേയ് പതിനഞ്ചിനാണ് മുനയ്ക്കല്‍ തീരത്തെ പാര്‍ക്കില്‍ മിയാവാക്കി മാതൃകാ വനം ഒരുക്കിത്. കേരളത്തിലുടനീളം ഇങ്ങനെ മാതൃകാ വനങ്ങള്‍ പലയിടത്തും ഒരുക്കിയിരുന്നു.  കടലാക്രമണത്തെ പ്രതിരോധിക്കാന്‍ കഴിയുമെന്നായിരുന്നു പ്രതീക്ഷ. പക്ഷേ, വേലിയേറ്റത്തില്‍ വെള്ളം കയറി വനം ഭാഗികമായി നശിച്ചു. ചൂളമരങ്ങളും കടപുഴകി വീണു. പാര്‍ക്കിനും നാശനഷ്ടം സംഭവിച്ചു. 3250 ചെടികളാണ് ഇവിടെ നട്ടുപിടിപ്പിച്ചത്. ഇതില്‍ പലതും കടപുഴകി. ഭാഗികമായി കരിഞ്ഞവ വീണ്ടും തളിര്‍ക്കുമെന്ന പ്രതീക്ഷയുണ്ട് അധികൃതര്‍ക്ക്. 

മറ്റിടങ്ങളില്‍ കടലാക്രമണത്തില്‍ തീരം വലിയ നാശം നേരിട്ടപ്പോള്‍ മുനയ്ക്കലില്‍ പ്രശ്നമുണ്ടായില്ലെന്നായിരുന്നു അധികൃതരുടെ വാദം. പക്ഷേ, ഈ പരിസരത്ത് അധികം വീടുകള്‍ ഇല്ലാത്തതാണ് നാശനഷ്ടം ഉണ്ടാകാതിരുന്നതെന്ന് നാട്ടുകാര്‍ പറയുന്നു. വനം പൂര്‍വസ്ഥിതിയിലാക്കാന്‍ ഇനിയും പ്രയത്നം വേണ്ടിവരും.