8 മാസമായി വാക്സീൻ മുടങ്ങി; പെരുന്തുമ്പയിലെ കന്നുകാലികളിൽ കുളമ്പ് രോഗം പടരുന്നു

തൃശൂര്‍ കൊമ്പഴ പെരുന്തുമ്പയില്‍ കുളമ്പുരോഗം പടരുന്നു. നാല്‍പത് കന്നുകാലികളില്‍ രോഗം കണ്ടെത്തി. എട്ടുമാസമായി വാക്സീന്‍ മുടങ്ങിയതാണ് തിരിച്ചടിയായത്.  

വാണിയമ്പാറ ക്ഷീരോല്‍പാദക സംഘത്തിന്റെ കീഴിലുള്ള നാല്‍പതു കന്നുകാലികള്‍ക്കാണ് രോഗം പിടിപ്പെട്ടത്. പത്തു ദിവസമായി ഇതു കണ്ടെത്തിയിട്ട്. ഈ സ്ഥിതി തുടര്‍ന്നാല്‍ മറ്റിടങ്ങളിലേക്കും പടര്‍ന്നുപിടിക്കാനാണ് സാധ്യത. 180 ക്ഷീര കര്‍ഷകര്‍ ഈ മേഖലയില്‍ പാല്‍ ഉല്‍പാദനവുമായി ബന്ധപ്പെട്ട് ഉപജീവനം തേടുന്നുണ്ട്. കര്‍ഷകരുടെ ഒരു തൊഴുത്തില്‍ തന്നെ പത്തും പന്ത്രണ്ടും പശുക്കുളുണ്ട്. ഇത് രോഗവ്യാപനം കൂട്ടും. വാക്സീന്‍ നേരത്തെ നല്‍കിയിരുന്നു. പക്ഷേ, കോവിഡ് രോഗവ്യാപനം കാരണം കഴിഞ്ഞ എട്ടുമാസമായി വാക്സീന്‍ മുടങ്ങി. ഇതു രോഗം പടരാന്‍ കാരണമായെന്ന് ക്ഷീരോല്‍പാദക സഹകരണ സംഘം ഭാരവാഹികള്‍ പറഞ്ഞു.

ക്ഷീര കര്‍ഷകരുടെ പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപടെണമെന്നാണ് ആവശ്യം. വാക്സീന്‍ ലഭ്യമാക്കാന്‍ അധികൃതര്‍ ഇടപെടണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു