താല്‍ക്കാലിക ബണ്ട് കെട്ടിയത് പ്രതിസന്ധിയായി; കോഴിക്കോട് പെരിഞ്ചേരിക്കടവില്‍ തീരമിടിച്ചിൽ രൂക്ഷം

റെഗുലേറ്റര്‍ കം ബ്രിഡ്ജ് നിര്‍മാണത്തിനായി താല്‍ക്കാലിക ബണ്ട് കെട്ടിയതിനാല്‍ കോഴിക്കോട് പെരിഞ്ചേരിക്കടവില്‍ തീരമിടിയുന്നത് രൂക്ഷമായി. മഴ കനത്തതോടെ വീടുകള്‍ അപകട മുനമ്പിലായതിനൊപ്പം ഏക്കര്‍ കണക്കിന് കൃഷിയാണ് മണ്ണിനടിയിലായത്. കുറ്റ്യാടിപ്പുഴയുടെ ഒഴുക്ക് നിയന്ത്രിക്കുന്ന താല്‍ക്കാലിക ബണ്ട് നാട്ടുകാരുടെ പ്രതിഷേധത്തിനൊടുവില്‍ പൊളിച്ച് നീക്കിത്തുടങ്ങി. 

ചെറുവണ്ണൂര്‍, തിരുവള്ളൂര്‍ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പെരിഞ്ചേരിക്കടവ് റഗുലേറ്റര്‍ ബ്രി‍‍ഡ്ജിന്റെ നിര്‍മാണത്തിനാണ് താല്‍ക്കാലിക ബണ്ട് നിര്‍മിച്ചത്. പണി പുരോഗമിക്കുന്ന ഭാഗത്ത് കുറ്റ്യാടിപ്പുഴയുെട ഒഴുക്ക് ഭാഗികമായി തടസപ്പെട്ടു. ഒരുവശത്ത് സംരക്ഷണഭിത്തിയുള്ളതിനാല്‍ മറുഭാഗത്തേക്ക് ജലമൊഴുക്ക് കൂടി. ഇതോടെ തീരമിടിയുന്നത് പതിവായി. മൂന്ന് വീടുകളും ഏക്കര്‍ കണക്കിന് തെങ്ങിന്‍ തോപ്പും പുഴയിലേക്ക് പതിക്കാവുന്ന നിലയിലാണ്. കഴിഞ്ഞ രാത്രിയിലും രാവിലെയുമായി തെങ്ങും മരങ്ങളും പുഴയിലേക്ക് വീണു. 

കഴിഞ്ഞ ഫെബ്രുവരിയിലാണ് റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ നിര്‍മാണം തുടങ്ങിയത്. ജൂണില്‍ നിര്‍മാണം പൂര്‍ത്തിയാവേണ്ടതായിരുന്നു. കോവിഡ് മൂലം പ്രവൃത്തിയുടെ വേഗത കുറച്ചു. മഴ കനത്തതോടെ പ്രതിസന്ധി ഇരട്ടിയായി. ജീവനും കൃഷിക്കും സംരക്ഷണം ഉറപ്പാക്കിയ ശേഷം മാത്രം നിര്‍മാണം തുടര്‍ന്നാല്‍ മതിയെന്നാണ് നാട്ടുകാരുടെ നിലപാട്.