മൂലങ്കാവിൽ കാട്ടാന ശല്യം രൂക്ഷം; ദേശീയപാതയിലും കൊമ്പന്മാരുടെ വിളയാട്ടം

വയനാട് ബത്തേരി മൂലങ്കാവിൽ കാട്ടാന ശല്യം രൂക്ഷം. കഴിഞ്ഞ ദിവസം പ്രദേശത്തെ കൃഷിയിടത്തിൽ വൻ നാശമാണ് കാട്ടുകൊമ്പൻ വരുത്തിയത്. ജനവാസ മേഖലകളിലും ദേശീയപാതയിലുമാണ് കൊമ്പന്മാരുടെ വിളയാട്ടം.

കമ്പിവേലി പൊട്ടിക്കാതെ കവച്ചു വെച്ചാണ് കൊമ്പൻ  കൃഷിയിടത്തിലെത്തിയത്.  മൂന്ന് മണിക്കൂറോളം  വിളകൾ ഭക്ഷിച്ചും നശിപ്പിച്ചും നടന്നു. നൂറ്റൻപതോളം വാഴകൾ ഇല്ലാതായി. 

കമുകും ഏലവുമെല്ലാം നശിപ്പിച്ചു. കുറച്ചു ദിവസം മുമ്പും അടുത്ത പ്രദേശത്തു ഇതുപോലെ നഷ്ടങ്ങളുണ്ടായിരുന്നു. 

മൂലങ്കാവ് ഓടപ്പള്ളം ഭാഗങ്ങളിൽ കാട്ടാനകളിറങ്ങുന്നത് കൂടുകയാണ്.  വന്യജീവി സങ്കേതത്തിലെ ബത്തേരി റേഞ്ചിൽ പെട്ട വനമേഖലയിൽ നിന്നാണ് കൊമ്പൻമാർ വരുന്നത്.വനാതിർത്തിയിലെ കിടങ്ങുകളും കമ്പിവേലികളും ഇവർക്കൊരു തടസമേയല്ല.