പരിമിതികളിൽ വീര്‍പ്പു മുട്ടി പൊലീസ് സ്റ്റേഷന്‍; സീറ്റില്ലാതെ എസ്ഐ

സ്ഥലസൗകര്യങ്ങളില്ലാതെ പരിമിതികളിൽ വീര്‍പ്പു മുട്ടുകയാണ്  മലപ്പുറം എടവണ്ണ പൊലീസ് സ്റ്റേഷന്‍. സി.ഐ പുതുതായി ചുമതലയേറ്റതോടെ എസ്.ഐക്ക് നിലവിലുണ്ടായിരുന്ന ഇരിപ്പിടം നഷ്ടമായി. രാത്രി സമയങ്ങളില്‍ ഡ്യൂട്ടിയിലുളളവരുടെ എണ്ണം കുറവാണെങ്കില്‍ കസ്റ്റഡിയിലുളള പ്രതിയെയുമായി വേണം അടുത്ത പ്രതിക്ക് തിരച്ചില്‍ നടത്താന്‍.   

എടവണ്ണ പൊലീസ് സ്റ്റേഷന്റെ അകത്തു നിന്നുളള ദൃശ്യങ്ങളാണിത്. എസ്.ഐയും ഏഴ് വനിതകളുമടക്കം 50  ഉദ്യോഗസ്ഥര്‍ക്കായി ആകെയുളളത് ഈ ഹാളാണ്. പുതുതായി ചുമതലയേറ്റ് സി.ഐ കൂടി എത്തിയതോടെ ആകെയുണ്ടായിരുന്ന ഒരു കസേര എസ്.ഐ ഒഴിഞ്ഞു കൊടുത്തു. സി.ഐ സ്ഥലത്തില്ലെങ്കില്‍ മാത്രം ഇതേ കസേരയില്‍ എസ്.ഐക്ക് ഇരിക്കാം.

1984ല്‍ ആരംഭിച്ച കാലം മുതല്‍ സീതീഹാജി പാലത്തിനു സമീപത്തെ വാടകക്കെട്ടിടത്തിലായിരുന്നു പ്രവര്‍ത്തനം. പത്തു വര്‍ഷം മുന്‍പ് തിരുവാലി റോഡിലെ മറ്റൊരു വാടകവീട്ടിലേക്ക് മാറിയപ്പോള്‍ സൗകര്യം വീണ്ടും കുറഞ്ഞു. പൊലീസ് സ്റ്റേഷന്‍ പണിയാന്‍ യോജ്യമായ സ്ഥലം തിരയാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. മുണ്ടേങ്ങരയിലെ ഗ്രാമപഞ്ചായത്തു വക ഭൂമി കണ്ടെത്തിയെങ്കിലും തര്‍ക്കം മൂലം ഉപേക്ഷിക്കേണ്ടി വന്നു.

അനധികൃത മണല്‍ക്കടത്ത്് സജീവമായ ചാലിയാറിന്റെ സമീപപ്രദേശമാ എടവണ്ണ. പൊലീസ് സ്റ്റേഷന്‍ ചാലിയാറിന്റെ കൂടുതല്‍ അടുത്ത സ്ഥലങ്ങളിലേക്ക് മാറ്റുന്നതിന് ആസൂത്രിതമായ എതിര്‍പ്പുളളതായി ആക്ഷേപമുണ്ട്.