മിൽമയുടെ ആറ് ഉൽപ്പന്നങ്ങൾ വിപണിയിൽ; പുറത്തിറക്കിയത് മലബാർ മേഖല യൂണിയൻ

മില്‍മ മലബാര്‍ മേഖല യൂണിയന്‍ ആറ് പുതിയ ഉല്‍പ്പന്നങ്ങള്‍ കൂടി വിപണിയിലിറക്കി. നാളികേര കര്‍ഷകര്‍ക്ക് ഏറെ സഹായം കിട്ടുന്ന രീതിയിലാണ് ടെണ്ടര്‍ കോക്കനട്ട് വാട്ടര്‍ വിപണിയിലിറക്കിയത്. കോഴിക്കോട് നടന്ന ചടങ്ങില്‍ മന്ത്രി കെ.രാജു ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കി. 

കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെടുന്ന പ്രകൃതിദത്ത ചേരുവകളോടെയാണ് ചോക്കോ സ്റ്റിക്ക്, കുല്‍ഫി സ്റ്റിക്ക് ഐസ്ക്രീമുകള്‍ തയാറാക്കുന്നത്. പ്രകൃതിദത്തമായ ബ്ലൂബറി പഴത്തില്‍ നിന്ന് തയാറാക്കിയ ബ്ലൂബറി ഐസ്ക്രീം, വീറ്റ് അട ഇന്‍സ്റ്റന്റ് പായസം മിക്സ്, ഗീ ബിസ്ക്കറ്റ്, പാസ്ചുറൈസ്ഡ് ടെണ്ടര്‍ കോക്കനട്ട് വാട്ടര്‍ എന്നിവയാണ് പുതിയ ഇനങ്ങള്‍. നാളികേര കര്‍ഷകര്‍ക്ക് ഏറെ സഹായം ലഭിക്കുന്ന തരത്തിലാണ് ടെണ്ടര്‍ കോക്കനട്ട് വാട്ടറിന്റെ നിര്‍മാണം. മികച്ചവിലയില്‍ നാളികേര കര്‍ഷകരില്‍ നിന്ന് നേരിട്ട് കരിക്കും, തേങ്ങയും സംഭരിച്ചായിരിക്കും ഉല്‍പ്പന്നം തയാറാക്കുക. ക്ഷീരകര്‍ഷകര്‍ക്കൊപ്പം കൂടുതലാളുകളിലേക്ക് സഹായമെത്തിക്കുന്ന പദ്ധതികളാണ് ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. 

മില്‍മയുടെ വയനാട്, കോഴിക്കോട് യൂണിറ്റുകളിലായിരിക്കും പുതിയ ആറ് ഉല്‍പ്പന്നങ്ങളും തയാറാക്കുക. വിപണനോദ്ഘാടനച്ചടങ്ങില്‍ എ.പ്രദീപ്കുമാര്‍ എം.എല്‍.എ, മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി തുടങ്ങിയവര്‍ പങ്കെടുത്തു.