ടാക്സിയില്ല, ഓട്ടോയില്ല, കടകളില്ല, കെഎസ്ആർടിസി നാമമാത്രം; വലഞ്ഞ് മലബാർ

ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ചുള്ള മോട്ടോര്‍ വാഹന പണിമുടക്കില്‍ വലഞ്ഞ് മലബാറിലെ ജനം. എഴുന്നൂറു സര്‍വീസുകള്‍ നടത്തേണ്ട സ്ഥാനത്ത് 68 കെ.എസ്.ആര്‍.ടി.സി ബസുകള്‍ മാത്രമാണ് നിരത്തിലിറങ്ങിയത്. കച്ചവടസ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തേയും പണിമുടക്ക് കാര്യമായി ബാധിച്ചു.

പണിമുടക്ക് മലബാറില്‍ പൂര്‍ണം. കെ.എസ്.ആര്‍.ടി.സി  വിരലിലെണ്ണാവുന്ന സര്‍വീസുകള്‍ മാത്രമാണ് നടത്തിയത്.പൊന്നാനി ഡിപ്പോയില്‍ നിന്ന് ഒരു ബസുപോലും സര്‍വീസ് നടത്തിയില്ല.വയനാട്ടില്‍ മൂന്നു ഡിപ്പോകളില്‍ നിന്നായി 22 ബസുകളും കോഴിക്കോട് ഡിപ്പോയില്‍ നിന്ന് 25 ല്‍ താഴെ ബസുകളും   സര്‍വീസ് നടത്തി. പണിമുടക്ക് അറിയാതെ എത്തിയ യാത്രക്കാരാണ് ഏറെ വലഞ്ഞത്

സ്വകാര്യ ബസുകളും ടാക്സി ഒാട്ടോറിക്ഷകളും പൂര്‍ണമായും നിരത്തില്‍ നിന്നു വിട്ടുനിന്നു. അതേ സമയം സ്വകാര്യ വാഹനങ്ങള്‍ സജീവമായി നിരത്തിലുണ്ടായിരുന്നു. പണിമുടക്ക് കണ്ണൂരില്‍ ഹര്‍ത്താലിന്റെ പ്രതീതിയാണുണ്ടാക്കിയത്.കച്ചവടസ്ഥാപനങ്ങള്‍ പൂര്‍ണമായും അടഞ്ഞുകിടന്നു.മലബാറിലെ മറ്റു ജില്ലകളില്‍ ഭാഗികമായാണ് കച്ചവടസ്ഥാപനങ്ങള്‍ തുറന്നത്.കോഴിക്കോട് പാളയം മാര്‍ക്കറ്റില്‍ ചരക്കുലോറികള്‍ എത്താത്തതിനാല്‍ പച്ചക്കറി മൊത്തവിപണി പ്രവര്‍ത്തിച്ചില്ല. സര്‍ക്കാര്‍ ഒാഫിസുകളിലെ ഹാജര്‍ നിലയും കുറവായിരുന്നു