ബൈക്കിന് മുകളിലൂടെ ടിപ്പര്‍ ലോറി കയറിയിറങ്ങി; ബൈക്ക് യാത്രക്കാരന് അദ്ഭുത രക്ഷ

മൂവാറ്റുപുഴയില്‍ ബൈക്കിന് മുകളിലൂടെ ടിപ്പര്‍ ലോറി കയറിയിറങ്ങി. അപകടത്തില്‍പ്പെട്ട ബൈക്ക് യാത്രക്കാരന്‍ അദ്ഭുതകരമായി രക്ഷപെട്ടു. ഇരുവരുടെയും അശ്രദ്ധമായ ഡ്രൈവിങ്ങാണ് അപകട കാരണം.

എം.സി റോഡില്‍ രാവിലെ പത്ത് നാല്‍പതിന് മൂവാറ്റുപുഴ വെള്ളൂര്‍കുന്നം ജംക്‌ഷനില്‍ നടന്ന അപകടമാണിത്. പെരുമ്പാവൂര്‍ ഭാഗത്തുനിന്ന് വന്ന ടിപ്പര്‍ ലോറിയെ മറികടന്നയുടനെ ബൈക്ക് വലത്തേക്കും ലോറി ഇടത്തേക്കും തിരിയാന്‍ ശ്രമിച്ചു. ഇതോടെ ബൈക്ക് ലോറിയിലിടിച്ച് മറിഞ്ഞു. ബൈക്കിന് മുകളിലൂടെ ലോറി കയറിയിറങ്ങി.

നിലത്തുവീണയുടന്‍ ഉരുണ്ടുമാറിയതിനാല്‍ ഈസ്റ്റ് മാറാടി സ്വദേശി ദേവസ്യ ഔസേപ്പ് ചെറിയ പരുക്കുകളോടെ രക്ഷപെട്ടു. അടിച്ചു പരത്തിയ പരുവത്തിലായ ബൈക്ക് പൂര്‍ണമായും ഉപയോഗശൂന്യമായി. എന്താണെങ്കിലും തലനാരിഴയ്ക്ക് രക്ഷപെട്ടതിന്‍റെ ആശ്വാസത്തിലാണ് ദേവസ്യ.