പാലക്കാട് മണ്ണാര്‍ക്കാട് മേഖലയില്‍ വന്യമൃഗ ശല്യം രൂക്ഷം

പാലക്കാട് മണ്ണാര്‍ക്കാട് മേഖലയില്‍ വന്യമൃഗ ശല്യം രൂക്ഷം. മൂന്നാഴ്ച മുന്‍പ് കെണിയൊരുക്കി വനംവകുപ്പ് പുലിയെ പിടികൂടിയെങ്കിലും നടപടികള്‍ തൃപ്തികരമല്ലെന്നാണ് ആക്ഷേപം. വൈദ്യുതിവേലികള്‍ വേണമെന്നും നഷ്ടപരിഹാരം ഉറപ്പാക്കണമെന്നും കത്തോലിക്കാ കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.

സൈലന്റുവാലിയുടെ താഴ്്്വാരത്തുളള മണ്ണാര്‍ക്കാട്ടെ വിവിധ പ്രദേശങ്ങളില്‍ വന്യമൃഗശല്യം രൂക്ഷമാണ്. മൈലാംപാടം, എടത്തനാട്ടുകര, കണ്ടമംഗലം, മേക്കളപ്പാറ,  ശിരുവാണി മേഖലയോട് ചേര്‍ന്നുളള പാലക്കയം, ഇരുമ്പകച്ചോല, കാഞ്ഞിരപ്പുഴ, കല്ലടിക്കോട് പ്രദേശങ്ങളിലാണ് ജനങ്ങള്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നത്. പശു, ആട് തുടങ്ങി വളര്‍ത്തുമൃഗങ്ങളെ വന്യമൃഗങ്ങള്‍ കൊന്നൊടുക്കുന്നതും കാട്ടാനകളുടെയും പന്നിയുടെയും ശല്യത്തില്‍ കൃഷിനാശം ഉണ്ടാകുന്നതും വര്‍ധിക്കുന്നു. മൂന്നാഴ്ച മുന്‍പ് കെണിയൊരുക്കി വനംവകുപ്പ് പുലിയെ പിടികൂടിയിരുന്നു. വന്യമൃഗങ്ങളില്‍ നിന്ന് സംരക്ഷണമൊരുക്കാന്‍ വനംവകുപ്പിന്റെ നടപടികള്‍ കാര്യക്ഷമമാക്കണമെന്ന് കത്തോലിക്കാ കോണ്‍ഗ്രസ് പാലക്കാട് രൂപത ആവശ്യപ്പെട്ടു. 

സംഘടനയുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം മണ്ണാര്‍ക്കാട് ഡിവിഷണല്‍ ഫോറസ്റ്റ് ഒാഫീസിലേക്ക് മാര്‍ച്ച് നടത്തുകയും ഉദ്യോഗസ്ഥര്‍ക്ക് നിവേദനം നല്‍കുകയും ചെയ്തു.