ചേലേമ്പ്ര പുല്ലിപ്പുഴയോരം പ്ലാസ്റ്റിക് മാലിന്യങ്ങൾ കൊണ്ട് നികത്തുന്നു; പരാതി

മലപ്പുറം ചേലേമ്പ്രയിലെ പുല്ലിപ്പുഴയോരം പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ കൊണ്ട് നികത്തുന്നതായി പരാതി. പുഴയോട് ചേർന്നുകിടക്കുന്ന തണ്ണീർത്തടങ്ങളാണ് മാലിന്യകൂമ്പാരമായി മാറിയിരിക്കുന്നത്.

ചേലേമ്പ്ര ഗ്രാമപഞ്ചായത്തിലെ പുല്ലിപ്പുഴ നിലക്കടവ് ഭാഗങ്ങളാണ് സൽക്കാര പാർട്ടികളിൽ ഉപയോഗിക്കുന്ന തെർമകോൾ പ്ലൈറ്റുകളും അങ്ങാടി  മാലിന്യങ്ങളുംകൊണ്ട്  നികത്തിയിരിക്കുന്നത്. പെട്ടെന്ന് ആരുടെയും ശ്രദ്ധയിൽപ്പെടാത്ത സ്ഥലങ്ങളിലാണ് ഇവ നിക്ഷേപിച്ചിരിക്കുന്നത്. മാലിന്യം തള്ളുന്നവരെ കണ്ടെത്താൻ പ്രദേശത്ത് സി സി ടി വി ക്യാമറകൾ സ്ഥാപിക്കാനാണ് പഞ്ചായത്തിന്റെ തീരുമാനം.

വസ്ത്രവ്യാപാര കടകളിലെയും ഡ്രസ്സിംഗ്, സ്റ്റിച്ചിങ് യൂണിറ്റിൽ അധികമായ് വരുന്ന തുണികളും പ്രദേശത്ത് നിക്ഷേപിച്ചതായി കണ്ടെത്തിയിട്ടുണ്ട്.

പത്ത് സെന്റോളം വിസ്തീർണം വരുന്ന തണ്ണീർത്തടത്തിന്റെ പകുതിയോളം ഭാഗം  ഇത്തരം മാലിന്യങ്ങൾ കൊണ്ട് നികത്തിക്കഴിഞ്ഞു.