വെളളപ്പൊക്കത്തിന് പിന്നാലെ മാലിന്യവും; ക്ലീൻ കേരളയെ പ്രതീക്ഷിച്ച് ചെറുവത്തൂർ

വെള്ളപ്പൊക്കത്തെ തുടര്‍ന്ന് കാസര്‍കോട് ചെറുവത്തൂരിന്റെ തീരമേഖലയിലടിഞ്ഞ മാലിന്യം  പഞ്ചായത്ത് അധികൃതര്‍ക്ക് തലവേദനയായി. കരകവിഞ്ഞൊഴുകിയ കാര്യങ്കോട് പുഴയില്‍ നിന്നാണ് ടണ്‍ കണക്കിന് മാലിന്യമെത്തിയത്. ഇത് നീക്കം ചെയ്യാന്‍ ക്ലീന്‍കേരളയുടെ സഹായമുണ്ടാകുമെന്ന് ജില്ലാ കലക്ടര്‍ ഉറപ്പു നല്‍കിയെങ്കിലും അത് നടപ്പാകാത്തതാണ് പ്രതിസന്ധിക്ക് കാരണം. 

പെരുമഴയ്ക്കൊപ്പം ഇരച്ചെത്തിയ വെള്ളം ഇറങ്ങിയപ്പോള്‍ ചളിയും, മാലിന്യങ്ങളും ബാക്കിയായി. കിഴക്കൻമേഖലയിൽനിന്ന്‌ കാര്യങ്കോട് പുഴയിലൂടെയെത്തിയ മാലിന്യങ്ങളാണ് ചെറുവത്തൂരിലെ താഴ്ന്നപ്രദേശങ്ങളിൽ അടിഞ്ഞുകൂടിയത്. പ്ലാസ്റ്റിക്ക്, തുണി, കുപ്പി, ബാഗ് തുടങ്ങി ഇല്ലാത്തതൊന്നുമില്ല. മാലിന്യം നീക്കംചെയ്യാൻ ക്ലീൻകേരളയുടെ സഹായം ലഭിക്കുമെന്ന ഉറപ്പിൽ തൊഴിലുറപ്പ് തൊഴിലാളികൾ സേവനസന്നദ്ധരായെത്തി ,ജനപ്രതിനിധികളുടെയും ആരോഗ്യപ്രവർത്തകരുടെയും നേത്വത്തിൽ മാലിന്യം ശേഖരിച്ചു. എന്നാൽ ഇവ നീക്കം ചെയ്യാന്‍ ക്ലീൻകേരളയുമായി ബന്ധപ്പെട്ടവരാരും ചെറുവത്തൂരിലെത്തിയില്ല. 

മഴക്കെടുതികള്‍ വിലയിരുത്താന്‍ ചേര്‍ന്ന പഞ്ചായത്ത് പ്രസിഡന്റുമാരുടെ യോഗത്തിലാണ് മാലിന്യനീക്കത്തിന് ക്ലീൻകേരളയുടെ സഹായം ലഭിക്കുമെന്ന് ജില്ലാ കലക്ടര്‍ ഡി.സജിത്ബാബു ഉറപ്പ് നല്‍കിയത്.  വിവിധഭാഗങ്ങളില്‍ നിന്ന് ശേഖരിച്ച മാലിന്യം കാടങ്കോട്ടെ പഞ്ചായത്ത് കെട്ടിടത്തിലെത്തിക്കുന്നത് സമീപവാസികൾ തടഞ്ഞു. മാലിന്യം തരംതിരിച്ച് ചാക്കുകളിലാക്കി മൈസൂരിലേക്ക് കയറ്റിയയക്കുമെന്ന അധികൃതരുടെ ഉറപ്പിലാണ് പ്രതിഷേധം അവസാനിച്ചത്.സ്വകാര്യ സംരംഭകരുമായി ചേര്‍ന്നാണ് മാലിന്യം മൈസൂരുവിലേക്ക് കയറ്റിയയക്കാൻ സൗകര്യമൊരുക്കിയത്. പത്ത് ലോറികളിലായി മാലിന്യം കയറ്റി വിട്ടു.