മഴയ്ക്കൊപ്പം പൊട്ടിപൊളിഞ്ഞ റോഡുകളും ;യാത്ര ദുസഹമായി ആലുവയിലെ യാത്രക്കാർ

മഴയ്ക്കൊപ്പം യാത്ര ദുസഹമാക്കി ആലുവയിലെ പൊട്ടിപൊളിഞ്ഞ റോഡുകളും. കാനകള്‍ക്ക് മുകളിലെ സ്ലാബുകള്‍ തകര്‍ന്നത് കാല്‍നടയാത്രയും അപകടത്തിലാക്കുന്നു. റോഡും കാനകളും അറ്റകുറ്റപ്പണികള്‍ നടത്താത്തതില്‍ പ്രതിഷേധിച്ച് നഗരസഭാ ചെയര്‍പേഴ്സണന്റെ നേതൃത്വത്തില്‍ പൊതുമരാമത്ത് അസിസ്റ്റന്‍റ് എന്‍ജിനീയറെ ഉപരോധിച്ചു. 

ആലുവ റോഡിലെ പ്രധാന റോഡുകളിലെല്ലാം ഇപ്പോള്‍ ചെറുതും വലുതുമായ കുഴികളാണ്. ഇതാണ് ഗതാഗതകുരുക്ക് രൂക്ഷമാക്കുന്നത്. കുഴികളില്‍ വീണ് ഇരുചക്രയാത്രക്കാര്‍ക്ക് അപകടം സംഭവിക്കുന്നതും പതിവ്. പ്രധാന റോഡിലെ ഗതാഗതകുരുക്കില്‍ നിന്ന് രക്ഷനേടാന്‍ സര്‍വീസ് റോഡില്‍ കയറിയ കെഎസ്ആര്‍ടിസി വോള്‍വോ ബസിനും കഴിഞ്ഞ ദിവസം പണി കിട്ടി. 

സര്‍വീസ് റോഡിലെ കുഴിയില്‍ വീണ് തകരാര്‍ പറ്റിയ വോള്‍വോ  വഴിയില്‍ കിടന്നത് നാലര മണിക്കൂര്‍. നഗരത്തിലെ മറ്റ് റോഡുകളുടെ സ്ഥിതിയും ഒട്ടും വ്യത്യസ്തമല്ല. ഇതിന് പുറമേയാണ് കാനകള് സമ്മാനിക്കുന്ന ദുരിതം. പ്രധാനറോഡിലെ കാനകളുടെ സ്ലാബുകള്‍ മിക്കതും ഒടിഞ്ഞു തൂങ്ങി. കാല്‍നടയാത്രക്കാരുടെ ശ്രദ്ധ അല്‍പം പാളിയാല്‍ മതി കുഴിയില്‍ പോകാന്‍. ഇതോടെയാണ് പൊതുമരാമത്ത് വകുപ്പിനെതിരെ പ്രതിഷേധവുമായി നഗരസഭാ അധ്യക്ഷ തന്നെ നിരത്തിലിറങ്ങിയത്. പൊ,തുമരാമത്ത് റോഡ് വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയറെ ഉപരോധിച്ചായിരുന്നു പ്രതിഷേധം.

റോഡുകളും കാനകളും അറ്റകുറ്റപ്പണി നടത്തേണ്ടത് പൊതുമരാമത്ത് വകുപ്പാണ്. ഇതിന് പക്ഷേ പഴികേള്‍ക്കുന്നതാകട്ടെ നഗരസഭയും. താല്‍ക്കാലിക മിക്സ് ഉപയോഗിച്ചെങ്കിലും റോഡിലെ വലിയ കുഴികള്‍ അടയ്ക്കാന്‍ പൊതുമരാമത്ത് വകുപ്പ് തയാറാകുന്നില്ലെന്നാണ് നഗരസഭയുെട ആക്ഷേപം