കുടിവെള്ളത്തിൽ കൂത്താടിയും മാലിന്യവും; സ്വകാര്യ സ്ഥാപനത്തിനെതിരെ പരാതി

പാലക്കാട്ട് കുടിവെളളം വിതരണം ചെയ്യുന്ന സ്വകാര്യ സ്ഥാപനത്തിനെതിരെ പരാതി. സുരഭി കമ്പനിയുടെ പേരില്‍ വിതരണം ചെയ്ത വെളളത്തില്‍ കൂത്താടിയും മാലിന്യവും കാണപ്പെട്ടു. വെളളത്തിന്റെ സാംപിള്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി ശേഖരിച്ചു. പിഴവ് ഉണ്ടായില്ലെന്നാണ് സുരഭി കമ്പനി മാനേജറുടെ വിശദീകരണം.

പതിവായി വീടുകളില്‍ വെളളം എത്തിക്കുന്ന സുരഭി കമ്പനിയുടെ വിതരണക്കാരില്‍ നിന്നാണ് ചന്ദ്രനഗർ കൂട്ടുപാത വിമാന്‍നഗറില്‍ താമസിക്കുന്ന റഷീം കഴിഞ്ഞ ശനിയാഴ്ച വെളളം വാങ്ങിയത്. 20 ലീറ്ററിന്റെ അ‍ഞ്ചു ബോട്ടില്‍ വാങ്ങി മൂന്നെണ്ണം ഉപയോഗിച്ചു. നാലാമത്തെ ബോട്ടില്‍ പകുതി ഉപയോഗിച്ചപ്പോഴാണ് വെളളത്തിലെ കൂത്താടിയും മാലിന്യവും കാണപ്പെട്ടത്. തുടര്‍ന്ന് സീല്‍ പൊട്ടിക്കാത്ത മറ്റൊരു ബോട്ടില്‍ പരിശോധിച്ചപ്പോഴും ഇതുതന്നെയാണ്.

കഴിഞ്ഞ മൂന്നിനാണ് വെളളം പായ്ക്ക് ചെയ്തിരിക്കുന്നത്. സുരഭിയുടെ സീല്‍ പതിച്ചിട്ടുണ്ട്. ശുദ്ധീകരിക്കാത്ത വെളളമാണിതെന്ന് പ്രാഥമിക പരിശോധനയില്‍ ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറും മറ്റ് ഉദ്യോഗസ്ഥരും സ്ഥിരീകരിച്ചു. വെളളത്തിന്റെ സാംപിള്‍ ലാബ് പരിശോധനയ്ക്കായി ശേഖരിച്ചിച്ചു. ‌

‌കമ്പനിയുടെ പിഴവ് മൂലമല്ല ഇങ്ങനെ സംഭവിച്ചതെന്നും, വിതരണ ഏജൻസിയുടെ ഭാഗത്ത് വീഴ്ച ഉണ്ടായിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും സുരഭി കമ്പനി അസിസ്റ്റന്റ് മാനേജര്‍ കൃഷ്ണദാസ് പറഞ്ഞു. അതേസമയം കമ്പനിയില്‍ നിന്ന് വെളളം നിറച്ച് സീല്‍ ചെയ്തു തരുന്ന ബോട്ടിലാണ് വിതരണം ചെയ്തതെന്നാണ് വിതരണക്കാരന്‍ ശരരാജന്റെ വിശദീകരണം.